തൃശ്ശൂര്‍: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്കു നേടിയ ഹരിത വി. കുമാര്‍ തൃശ്ശൂര്‍ കളക്ടറായി ചുമതലയേറ്റു. കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടറായിട്ടാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. നേരത്തെ തൃശ്ശൂര്‍ സബ് കളക്ടറായി ഹരിത സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഈ മുന്‍പരിചയത്തില്‍ തൃശ്ശൂരിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ഹരിത മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരുവനന്തപുരത്തെ ആര്‍. വിജയകുമാറിന്റെയും ചിത്രയുടെയും മകളായ ഹരിത 2012 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയിലാണ് ഒന്നാം റാങ്ക് നേടുന്നത്. ഭരതനാട്യവും മോഹിനിയാട്ടവും കര്‍ണ്ണാടക സംഗീതവുമെല്ലാം പഠിച്ച ഹരിതയുടെ വിവാഹം നവംബര്‍ ഒന്നിനായിരുന്നു. ആലുവ സ്വദേശി ഡോ. ശാന്ദീവ് ആണ് ഭര്‍ത്താവ്.
ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആദ്യ മലയാളി വനിതയാണ് ഹരിത വി കുമാര്‍. രാജു നാരായണസ്വാമി സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് സ്വന്തമാക്കി 22 വര്‍ഷം കഴിയുമ്പോഴാണ് 2012ല്‍ ഹരിത ആ നേട്ടം വീണ്ടും കേരളത്തിലെത്തിച്ചത്.
നെയ്യാറ്റിന്‍കര സെന്റ് തെരേസാസ് ജിഎച്ച്എസ്എസ് സ്‌കൂളിലാണ് ഹരിത പത്താം ക്ലാസു വരെ പഠിച്ചത്. പത്താംക്ലാസില്‍ ഏഴാം റാങ്കോടെ വിജയം. തുടര്‍ന്ന് നെയ്യാറ്റിന്‍കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍. എന്‍ട്രന്‍സ് എഴുതി തിരുവനന്തപുരം ബാര്‍ട്ടന്‍ഹില്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ ഇലക്ട്രോണിക് ബിടെക് കോഴ്‌സിനു ചേര്‍ന്നു.
മികച്ച മാര്‍ക്കോടെ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിനു മുന്‍പു തന്നെ എച്ച്‌സിഎല്ലില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ജോലി ലഭിച്ചു. ജോലി ഉപേക്ഷിച്ചു കൊണ്ട് 2009 സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയെങ്കിലും മെയിന്‍ പരീക്ഷയില്‍ പരാജയപ്പെട്ടു. പിന്നീട് അഞ്ചാമത്തെ വര്‍ഷമാണ് ഹരിത ഒന്നാം റാങ്കോടു കൂടി ഐ എഎസ് നേടിയത്. ഹരിതയുടെ അച്ഛന്റെ ആഗ്രഹമാണ് മകള്‍ കളക്ടറാകണമെന്നത്. കളക്ടര്‍ ജോലി നിശ്ചയമില്ലെങ്കിലും അച്ഛന്റെ ആഗ്രഹത്തിനൊത്ത് ഹരിതയും കളക്ടര്‍ ജോലി സ്വപ്‌നം കണ്ടു തുടങ്ങിയിരുന്നു. ആ സ്വപ്‌നമാണ് ഇന്ന് നിറവേറിയത്.