വിയറ്റ്‌നാം കോളനിയുള്‍പ്പടെ 20ലധികം സിനിമകള്‍, കൊവിഡ് വ്യാപനവും ലോക്ഡൗണും വില്ലനായി; അന്നത്തിനായി ബാഗ് തുന്നി അറുമുഖന്റെ ജീവിതം

ആലപ്പുഴ: മോഹന്‍ലാല്‍ ഹിറ്റ് ചിത്രം വിയറ്റ്‌നാം കോളനിയുള്‍പ്പടെ 20ലധികം സിനിമകള്‍ അഭിനയിച്ച താരം അറുമുഖന്‍ ഇപ്പോള്‍ തെരുവില്‍ ബാഗ് തുന്നി ജീവിതമാര്‍ഗം കണ്ടെത്തുകയാണ്. അധ്വാനിച്ചു ജീവിക്കാന്‍ പോലും കഴിയാത്തതുമൂലം കടബാധ്യതയുടെ കുരുക്കിലാണെന്ന് അറുമുഖന്‍ പറയുന്നു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സിനിമാ ലോകം ലോക്ഡൗണിലായതിനൊപ്പം മുല്ലയ്ക്കല്‍ സീറോജംക്ഷനിലെ തന്റെ തൊഴിലും പ്രതിസന്ധിയിലായതോടെയാണ് അറുമുഖന്‍ ബാഗ് തുന്നാന്‍ ഇറങ്ങി തിരിച്ചത്. ഇപ്പോള്‍ തൊഴില്‍ ചെയ്യാന്‍ അവസരം കുറഞ്ഞു. പലരും ബാഗ് തുന്നാനും മറ്റും വരാന്‍ മടിക്കുന്നു. ഇത് അറുമുഖന്റെ ജീവിതത്തിലെ തിരിച്ചടിയാണ്.

ജയാ ജോസ് രാജന്റെ ‘ഇടം’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും റിലീസ് ചെയ്തില്ല. അഹാനകൃഷ്ണ നായികയായ ജാന്‍സിറാണി, ജഗദീഷിന്റെ 48 മണിക്കൂര്‍, പാലക്കാട്ട് ചിത്രീകരിച്ച തെലുങ്ക് ചിത്രം, പിന്നെ മറ്റൊരു തമിഴ് ചിത്രം ഇങ്ങനെ നീണ്ടുപോകുന്നു അറുമുഖന്റെ പുതിയ പദ്ധതികള്‍. പക്ഷേ എല്ലാം ലോക്ഡൗണില്‍ കുടുങ്ങി. വിനയന്റെ ‘ക്യാരക്ടറി’ലാണ് തുടങ്ങിയതെങ്കിലും ‘അത്ഭുത ദ്വീപി’ലെ ജടരാജകുമാരന്‍ എന്ന ശ്രദ്ധേയമായ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.

ജില്ലാ കോടതി വാര്‍ഡില്‍ തറയ്ക്കല്‍ വീട്ടിലാണ് താമസം. ഭാര്യ രാധികയും മക്കളായ തത്തംപള്ളി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആര്യയും അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ആഗ്രയും ഉള്‍പ്പെട്ടതാണ് അറുമുഖന്റ കുടുംബം.

Exit mobile version