വാല്പാറ: പുലികളുടെ താവളമായി മാറിക്കൊണ്ടിരിക്കുകയാണ് വാല്പാറ ടൗണ്‍ എന്ന് നാട്ടുകാര്‍. നൂറുകണക്കിനു പേര് തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്തു നിത്യേന പുലികള്‍ ഇറങ്ങുന്ന കാര്യം പരാതിപ്പെട്ടിട്ടും ഇതൊന്നും വനം വകുപ്പു ശ്രദ്ധിക്കുന്നില്ലെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസവും വാല്പാറ ടൗണില്‍ പുലി ഇറങ്ങി. കഴിഞ്ഞ ദിവസം മൂന്നു പുലികളാണ് ഇറങ്ങിയത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിനു തൊട്ടടുത്തുള്ള വാല്പാറ വ്യാപാരി അസോസിയേഷന് നേതാവ് കൃഷ്ണാസ് സുധീറിന്റെ കുമാരന് ഡിപ്പാര്‍ട്മെന്റ് സ്റ്റോറിലെ നിരീക്ഷണ ക്യാമറയിലാണ് മൂന്നു പുള്ളിപ്പുലികളുടെ ദൃശ്യം പതിഞ്ഞത്.
കഴിഞ്ഞ ദിവസം രാത്രി കട അടച്ചു പോയതിനു തൊട്ടുപിന്നാലെയാണ് തൊട്ടടുത്ത ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പരിസരത്തു നിന്ന് ഒന്നിനു പിറകെ ഓരോന്നായി പുലികള്‍ ഇതുവഴി കടന്നുപോയത്.
കഴിഞ്ഞ ആഴ്ച കക്കന്‍ കോളനിയില്‍ ഒരു പശുക്കിടാവിനെ പുലി കൊന്നിരുന്നു. ചവറാന്കാടു തേയിലത്തോട്ടത്തില്‍ നിന്നു വന്ന പുലി ഒരു മണിക്കൂറോളം ഒരു മരത്തില്‍ കയറിയിരുന്നു.
വിവരം അറിഞ്ഞു വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയതല്ലാതെ നടപടികള്‍ ഒന്നും ഇല്ല എന്നാണ് നാട്ടുകാരുടെ പരാതി. മേഖലയിലെ പുലികളെ പിടികൂടാന്‍ കൂടു സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. എന്തെങ്കിലും അപകടം ഉണ്ടായാല്‍ മാത്രമാണ് വനം വകുപ്പ് എന്തെങ്കിലും നടപടി സ്വീകരിക്കുകയുള്ളൂവെന്നും അതിന് വേണ്ടി കാത്തിരിക്കുകയാണ് വനം വകുപ്പ് എന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
Discussion about this post