കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ (74) കാലം ചെയ്തു. പൗരസ്ത്യ ദേശത്തെ 91ാം കാതോലിക്കായും 21ാം മലങ്കര മെത്രാപ്പോലീത്തയുമായ മോർ പൗലോസ് ദ്വിതിയൻ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ പരമാചാര്യൻമാരിൽ ഒരാളുമായിരുന്നു.
ഇന്ന് പുലർച്ചെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം. നീണ്ട നാലത്തെ ആശുപത്രി വാസത്തിന് ഒടുവിലാണ് ബാവയുടെ വിടവാങ്ങൽ. അർബുദ ബാധിതനായി ഒന്നര വർഷമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഏതാനും ദിവസങ്ങളായി ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് വൈകിട്ട് ഏഴ് മണിവരെ ഭൗതിക ശരീരം പരുമല പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. പരുമല പള്ളിയിൽ വിടവാങ്ങൽ പ്രാർത്ഥനയ്ക്ക് ശേഷം രാത്രി എട്ട് മണിയോടെ ഭൗതിക ശരീരം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് കൊണ്ടുപോകും. കബറടക്ക ശുശ്രൂഷ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചൊവ്വാഴ്ച നടത്തും.
ചൊവ്വാഴ്ച രാവിലെ കാതോലിക്കേറ്റ് അരമന ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്കുശേഷം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഭൗതികശരീരം പൊതുദർശനത്തിനുവെയ്ക്കും. തുടർന്ന് മൂന്ന് മണിക്ക് കബറടക്ക ശുശ്രൂഷ നടക്കും. സഭയിലെ എല്ലാസ്ഥാപനങ്ങൾക്കും കബറടക്കം നടക്കുന്ന ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.
തൃശ്ശൂർ കുന്നംകുളം പഴഞ്ഞി മങ്ങാട് കൊള്ളന്നൂർ കെഎ ഐപ്പിന്റെയും കുഞ്ഞീട്ടിയുടേയും മകനായി 1946 ആഗസ്ത് 30നായിരുന്നു ജനനം. പോൾ എന്നായിരുന്നു പേര്. പഴഞ്ഞി ഗവ.ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ ബിരുദവും കോട്ടയം സിഎംഎസ് കോളേജിൽ നിന്ന് സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയാണ് വൈദിക വൃത്തിയിലേക്ക് പ്രവേശിച്ചത്.
Discussion about this post