ലോകസഞ്ചാരി സന്തോഷ് ജോർജിന്റെ മുന്നിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഒരു വിദ്യാർത്ഥിയായി ഇരിക്കുന്നു; കേരള ടൂറിസത്തിന്റെ ഭാവി സാധ്യതകൾ ചർച്ച ചെയ്യുന്നു; പ്രതീക്ഷ പങ്കുവെച്ച് മുരളി തുമ്മാരുകുടി

തിരുവനന്തപുരം: ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുമായി കേരളത്തിന്റെ ടൂറിസം സാധ്യതകൾ ചർച്ച ചെയ്ത ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ വീഡിയോ ശ്രദ്ധേയമാകുന്നു. മന്ത്രിയുടെ പ്രവർത്തിക്ക് സോഷ്യൽമീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.

ഒരു വിദ്യാർത്ഥിയെ പോലെ സന്തോഷ് ജോർജിന് മുന്നിലെത്തി എല്ലാ കാര്യങ്ങളും ചോദിച്ചുമനസിലാക്കിയ മുഹമ്മദ് റിയാസിൽ പ്രതീക്ഷ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുരളി തുമ്മാരുകുടി. എല്ലാ അറിയുന്നയാൾ എന്ന നാട്യങ്ങളില്ലാതെ കാര്യങ്ങൾ ഒന്നൊന്നായി ചോദിച്ചു മനസ്സിലാക്കുന്ന മന്ത്രിയെ കുറിച്ച് തുമ്മാരുകുടി ഫേസ്ബുക്കിൽ കുറിക്കുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് കുറിപ്പ്:

എല്ലാം അറിയാത്ത ഒരു മന്ത്രി
പുതിയ ടൂറിസം മന്ത്രിയായ ശ്രീ മുഹമ്മദ് റിയാസും ലോക സഞ്ചാരിയായ സന്തോഷ് ജോർജ്ജ് കുളങ്ങരയും ആയി കേരള ടൂറിസത്തിന്റെ ഭാവി സാധ്യതകളെ പറ്റി സംസാരിക്കുന്നു.കാര്യങ്ങൾ ഒന്നൊന്നായി ചോദിച്ചു മനസ്സിലാക്കുന്ന മന്ത്രി സന്തോഷ് ജോർജ്ജിന്റെ മുന്നിൽ ഒരു വിദ്യാർത്ഥിയായി ഇരിക്കുന്നു, ഓരോന്നായി ചോദിച്ചു മനസിലാക്കുന്നു. താൻ ഒരു വിദ്യാർത്ഥിയാണെന്ന് കാമറക്ക് മുന്നിൽ തുറന്നു പറയുന്നു.

ലോകത്തെ അനവധി രാജ്യങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങൾ ഉൾപ്പടെ കൃത്യമായ നിർദ്ദേശങ്ങൾ സന്തോഷ് പറഞ്ഞു കൊടുക്കുന്നു. സ്‌കൂളുകളിൽ കല ആസ്വദിക്കാൻ പഠിപ്പിക്കണം എന്നത് മുതൽ കെ ടി ഡി സി യുടെ ലക്ഷ്യം ഹോട്ടലുകൾ നടത്തുകയല്ല മറിച്ച് കേരളത്തിലെ ചെറുകിട ഹോട്ടലുകൾക്കും ഹോം സ്റ്റേകൾക്കും റെസ്റ്റോറന്റുകൾക്കും ഒക്കെ ഹോസ്പിറ്റാലിറ്റിയിൽ പരിശീലനം നൽകുക, ഇവർക്കൊക്കെ ഓൺലൈൻ ആയി ബുക്കിങ്ങ് നടത്താനുള്ള പോർട്ടൽ ഉണ്ടാക്കുക എന്നിങ്ങനെ ടൂറിസം വികസനത്തിന് ഒരു ഫെസിലിറ്റേറ്റർ ആകണം എന്നതൊക്കെ സന്തോഷ് പങ്കുവെക്കുന്നുണ്ട്.
കേരളത്തിലെ ഓരോ പഞ്ചായത്തുകളും ടൂറിസം ഡെസ്റ്റിനേഷൻ ആക്കണമെന്നുള്ള ഒരു പദ്ധതി മന്ത്രിക്ക് ഉണ്ട്. ഇതിന്റെ ഒരു തുടക്കമായി ഒരു പഞ്ചായത്ത് മാതൃകയായി വികസിപ്പിക്കണം എന്ന് സന്തോഷ് നിർദ്ദേശിക്കുന്നു.
കേട്ടിട്ടിരിക്കേണ്ട ഇന്റർവ്യൂ ആണ്. ഈ പറഞ്ഞ കാര്യങ്ങളിൽ പത്തു ശതമാനം എങ്കിലും നടപ്പിലായാൽ കേരളത്തിന്റെ ടൂറിസം രംഗം വിപ്ലവകരമായി മാറും. കൊറോണക്കപ്പുറം ടൂറിസത്തിന്റെ കുതിച്ചു ചാട്ടം ആണ് ലോകം പ്രതീക്ഷിക്കുന്നത്. നമ്മൾ തയ്യാറെടുക്കുക.
എല്ലാം അറിയാത്ത മന്ത്രിമാർ ഇനിയും ഉണ്ടാകട്ടെ, ലോകത്തെവിടെ നിന്നും അറിവുള്ളവരിൽ നിന്നും മനസ്സിലാക്കാനുള്ള സമയവും മനോഭാവവും അവർക്ക് ഉണ്ടാകട്ടെ. കേരളം മാറും.
മാറണം
മുരളി തുമ്മാരുകുടി

Exit mobile version