കോഴിക്കോട്: വനത്തില്‍ അകപ്പെട്ടു പോയ വിനോദസഞ്ചാരികളായ യുവാക്കളെ കണ്ടെത്തി. ലോക്ക്ഡൗണ്‍ ലംഘിച്ച് കട്ടിപ്പാറ അമരാട് വനത്തില്‍ പ്രവേശിക്കുകയും വനാതിര്‍ത്തിയില്‍ നിന്നും വഴിതെറ്റിപ്പോകുകയും ചെയ്തവരെയാണ് ഏറെ നേരത്തെ അന്വേഷണത്തിന് ശേഷം കണ്ടെത്തിയത്.
കാസര്‍ഗോഡ് സ്വദേശികളായ മുഹമ്മദ് സഹോദരന്‍ അബ്ദുള്ള എന്നിവരാണ് വനത്തില്‍ അകപ്പെട്ടത്. താമരശേരിയിലെ ബന്ധുവീട്ടിലെത്തിയ യുവാക്കള്‍ ശനിയാഴ്ചയാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കാട്ടിലേക്ക് യാത്ര പോയത്. എന്നാല്‍ വനാതിര്‍ത്തിയിലെത്തിയപ്പോള്‍ ദിശതെറ്റി. വാഹനം റോഡരികില്‍ കിടക്കുന്നതു കണ്ട് നാട്ടുകാരാണ് അധികൃതരെ വിവരമറിയിച്ച് തിരച്ചില്‍ ആരംഭിച്ചത്. വനാതിര്‍ത്തിയില്‍ നിന്നും 15 കിലോമീറ്ററോളം ഉള്ളിലായിരുന്നു ഇവര്‍ അകപ്പെട്ടത്.
അമരാട് കാട് ആരംഭിക്കുന്നതിനടുത്ത് ബൈക്ക് കണ്ട നാട്ടുകാരാണ് വനത്തില്‍ വഴിതെറ്റിയതായി സംശയിച്ച് വിവരം പോലീസില്‍ അറിയിച്ചത്. ബൈക്ക് നമ്പര്‍ പരിശോധിച്ചാണ് യുവാക്കളെക്കുറിച്ച് വിവരം മനസ്സിലാക്കിയത്. ഇവരുടെ മൊബൈല്‍ നമ്പര്‍ പോലീസ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കാടിനുള്ളില്‍ നിന്ന് ഇവര്‍ വഴിതെറ്റി ഉള്‍ഭാഗത്തായി കക്കാട് മേഖലയില്‍ അകപ്പെട്ടതായി വ്യക്തമായി.
രാത്രി തന്നെ ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു. പോലീസും, വനം വകുപ്പ് ദ്രുത കര്‍മ്മ സേനയും, ഫയര്‍ഫോഴ്‌സും, നാട്ടുകാരും, സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. തുടര്‍ന്ന് രാവിലെ 7.15 ഓടെ യുവാക്കളെ വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തി.
ശക്തമായ മഴയും, കാറ്റും, ദുര്‍ഘടം പിടിച്ച പാതയിലൂടെ രാത്രി സഞ്ചരിക്കാനുള്ള ബുദ്ധിമുട്ടും കാരണമാണ് രക്ഷാപ്രവര്‍ത്തകര്‍ യുവാക്കളുടെ അടുത്ത് എത്തിച്ചേരാന്‍ വൈകിയത്.
Discussion about this post