ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡന ശ്രമത്തിനിടെ കൊലപ്പെടുത്തി കൊലക്കേസിൽ പ്രതിയെ തെളിവെടുപ്പ് എത്തിച്ചതിനിടെ നാടകീയ രംഗങ്ങൾ. പ്രതി അർജുനെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ പ്രതിഷേധവുമായി എത്തിയ നാട്ുകാർ അക്രമാസക്തരായി. പ്രതിയെ ഉച്ചത്തിൽ ചീത്തവിളിച്ച നാട്ടുകാർ കൈയേറ്റം ചെയ്യാനും മുതിർന്നു. ഇതിനിടെ നാട്ടുകാരിലൊരാൾ അർജുന്റെ കരണത്തടിക്കുകയും ചെയ്തു. തുടർന്ന് പോലീസ് ഇടപെട്ടാണ് പ്രതിയെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയത്.
ആറുവയസ്സുകാരിയെ പീഡന ശ്രമത്തിനിടെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇത് രണ്ടാംതവണയാണ് പ്രതിയുമായി പോലീസ് പെൺകുട്ടിയുടെ വീട്ടിൽ തെളിവെടുപ്പ് നടത്തുന്നത്. നേരത്തെ തെളിവെടുപ്പിനിടെ നാട്ടുകാർ അക്രമാസക്തരായതിനെ തുടർന്ന് ഇത്തവണയും കനത്ത പോലീസ് കാവലിലാണ് പ്രതിയെ എത്തിച്ചത്. എന്നാൽ നിയന്ത്രണം നഷ്ടമായ നാട്ടുകാർ പോലീസിന്റെ സംരക്ഷണത്തെ കടന്നും പ്രതി അർജുനെ കൈയേറ്റം ചെയ്യുകയായിരുന്നു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പാണ് ഞായറാഴ്ച നടത്തിയത്. പീഡനശ്രമത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ വീട്ടിലെ പഴക്കുല തൂക്കുന്ന കയറിലാണ് അർജുൻ ഷാൾ ഉപയോഗിച്ച് കെട്ടിത്തൂക്കി കൊന്നത്. ശേഷം വീടിന്റെ ജനൽ വഴി രക്ഷപ്പെടുകയായിരുന്നു.
Discussion about this post