തൃശ്ശൂർ: കേന്ദ്രസർക്കാർ വിദ്യാർത്ഥികൾക്ക് പഠനസഹായമായി 10,000 രൂപ നൽകുന്നെന്നും രജിസ്‌ട്രേഷൻ ഫീസായി 100 രൂപ മാത്രം മതിയെന്നുമൊക്കെ ചേർത്തുള്ള വിശ്വസിപ്പിക്കുന്ന രീതിയിൽ തയ്യാറാക്കിയ വ്യാജ സന്ദേശം സോഷ്യൽമീഡിയയിൽ പറന്നുനടക്കുന്നുണ്ട്. രണ്ടാമതൊന്ന് ആലോചിക്കാതെ ഇതുംകേട്ട് നൂറുകണക്കിന് രക്ഷിതാക്കളാണ് കുട്ടികളുടെ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമായി അക്ഷയയിലേക്ക് ഒഴുകുന്നത്.
കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് നടന്ന തട്ടിപ്പിന്റെ അതേമാതൃകയിലാണ് ഇത്തവണയും തട്ടിപ്പ്. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും ഈ വ്യാജവാർത്തയിൽ വിശ്വസിച്ച് രക്ഷിതാക്കൾ അക്ഷയയിലേക്ക് എത്തുമ്പോൾ തിരിച്ചയച്ചും വിശദീകരിച്ചും കുഴങ്ങുകയാണ് അക്ഷയ ജീവനക്കാർ.
എങ്കിലും വിശ്വാസം വരാതെ വ്യാജ സേവനകേന്ദ്രങ്ങളെ സമീപിച്ചും പണം നഷ്ടപ്പെടുത്തുന്നവർ ഏറെ. എറണാകുളം ജില്ലയിലാണ് വലിയതോതിൽ പ്രചാരണം നടക്കുന്നതും ആളുകൾ പറ്റിക്കപ്പെടുന്നതും.
‘കോവിഡ്19 സപ്പോർട്ടിങ് പദ്ധതിപ്രകാരം ഒന്നു മുതൽ പ്ലസ്ടു വരെ പഠിക്കുന്ന ഓരോ കുട്ടിക്കും 10,000 രൂപ പ്രധാനമന്ത്രി ധനസഹായം നൽകും’ ഇതാണ് പ്രചരിക്കുന്ന സന്ദേശം. യാഥാർഥ്യമറിയാതെ അധ്യാപകർ പോലും ഇത് ഫോർവേഡ് ചെയ്തതോടെ രക്ഷിതാക്കളും വീണുപയെന്നതാണ് സത്യം.
100 രൂപയ്ക്ക് പുറമെ അപേക്ഷയ്‌ക്കൊപ്പം ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകുന്നുണ്ട്. ഇത് ഭാവിയിൽ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്. അപേക്ഷയും രേഖകളും രജിസ്‌ട്രേഷൻ ഫീസും പോകുന്നത് ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലേക്കാണെന്ന് വ്യക്തമായിട്ടുണ്ട്.
നഷ്ടപ്പെടുന്നത് 100 രൂപ മാത്രമായതിനാൽ ആരും പരാതിയുമായി പോകില്ല. ഇതാണ് വ്യാജസംഘങ്ങളുടെ ആത്മവിശ്വാസം. ഇതോടൊപ്പം ‘അഞ്ചാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് പഠിക്കാൻ 4,000 രൂപ കേന്ദ്രസർക്കാർ സ്‌കോളർഷിപ്പ് നൽകുന്നു’ എന്നൊരു സന്ദേശവും കൂടി വാട്‌സാപ്പിൽ പ്രചരിക്കുന്നുണ്ട്. ഇതും വ്യാജമാണെന്ന് കേന്ദ്രസർക്കാരിന്റെ ‘ഫാക്ട് ചെക്ക്’ വിഭാഗംതന്നെ വ്യക്തമാക്കി.