നേമം: യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പാപ്പനംകോട് പണ്ടാരവിള അനിഴം വീട്ടില്‍ വി.രാജ്കുമാറിന്റെയും ഗീതകുമാരിയുടെയും മകള്‍ ആതിരയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ബാങ്ക് ജീവനക്കാരിയായിരുന്നു ആതിര.
വെള്ളിയാഴ്ചയായിരുന്നു സംഭവം. വീടിന്റെ കുളിമുറിയിലാണ് ആതിരെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. കഴിഞ്ഞ സെപ്റ്റംബര്‍ 16-നായിരുന്നു ആതിരയുടെ വിവാഹം. പാറശ്ശാല പളുകല്‍ സ്വദേശിയും മുംബൈയില്‍ മര്‍ച്ചന്റ് നേവി ജീവനക്കാരനുമായ വിവേക് കൃഷ്ണനാണ് ആതിരയുടെ ഭര്‍ത്താവ്.
ആതിരയും വിവേകും തമ്മില്‍ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇതേത്തുടര്‍ന്ന് കുറച്ചു ദിവസമായി ആതിര സ്വന്തം വീട്ടിലായിരുന്നു. കഴിഞ്ഞ ദിവസം വിവേക് കൃഷ്ണന്റെ ബന്ധുക്കള്‍ ആതിരയുടെ വീട്ടിലെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ആതിരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നേമം പോലീസ് കേസെടുത്തു. ആതിരയുടെ കത്തും കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരുന്നു. ആര്.ഡി.ഒ.യുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി.
ഫൊറന്‍സിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തി. മൃതദേഹം പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സ്വകാര്യ ബാങ്ക് ജീവനക്കാരിയായ ആതിര പഠനത്തിലും മിടുക്കിയായിരുന്നു. എം.എസ്സി. രണ്ടാം റാങ്കോടുകൂടിയാണ് പാസായത്. സഹോദരന്: അജേഷ്.
Discussion about this post