കോഴിക്കോട്ട് അഞ്ചു വയസ്സുകാരിയുടെ കൊലയ്ക്ക് പിന്നില്‍ അന്ധവിശ്വാസമെന്ന് സൂചന; മന്ത്രവാദിയിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കോഴിക്കോട്: പയ്യാനക്കലിലെ അഞ്ചു വയസ്സുകാരി ആയിഷ റെനയെ മാതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ്. അന്ധവിശ്വാസത്തെ തുടര്‍ന്നാണ് അഞ്ചു വയസ്സുകാരിയെ മാതാവ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

മാതാവ് സെമീറ തുണികൊണ്ട് കുട്ടിയുടെ മൂക്കും വായയും അമര്‍ത്തിപ്പിടിക്കുന്നത് കണ്ടെന്ന് സെമീറയുടെ മൂത്തമകള്‍ മൊഴി നല്‍കിയതായി പന്നിയങ്കര പോലീസ് ഇന്‍സ്‌പെക്ടര്‍ റജീന കെ. ജോസ് പറഞ്ഞു.

സെമീറ നേരത്തേ ഒരു മന്ത്രവാദിയുടെ അടുത്തെത്തിയിരുന്നതായും സംഭവദിവസം മന്ത്രവാദി പയ്യാനക്കലിലെ വീട്ടിലിലെത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മന്ത്രവാദിയെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും.

ബുധനാഴ്ച വൈകീട്ടാണ് പയ്യാനക്കല്‍ ചാമുണ്ഡിവളപ്പില്‍ നവാസ്-സെമീറ ദമ്പതിമാരുടെ മകള്‍ ആയിഷ റെന കൊല്ലപ്പെട്ടത്. വീട്ടില്‍നിന്ന് ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ബോധരഹിതയായി കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

സംഭവത്തില്‍ മാതാവ് സെമീറയുടെ പേരില്‍ പോലീസ് കൊലക്കുറ്റം ചുമത്തി.പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറില്‍ നിന്നും വീട്ടിലുണ്ടായിരുന്ന സമീറയുടെ മൂത്തമകളില്‍ നിന്നും പോലീസ് മൊഴിയെടുത്തു.

അതേസമയം, മാതാവ് സെമീറ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.

Exit mobile version