തിരുവനന്തപുരം: പെണ്‍കുട്ടികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഫോട്ടോയോ വീഡിയോയോ പങ്കുവയ്ക്കുമ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ക്കു മാത്രം കാണാവുന്ന വിധത്തില്‍ സെറ്റിങ്‌സ് ക്രമീകരിക്കണമെന്ന് ഉപദേശിച്ച് കേരള പോലീസ്. ഫേസ്ബുക്ക്പേജിലൂടെയാണ് ഉപദേശവുമായി കേരള പോലീസ് എത്തിയത്.
സമൂഹമാധ്യമങ്ങളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഫോട്ടോകള്‍ അശ്ലീല സൈറ്റുകളുടെയും ആപ്പ്‌ളിക്കേഷനുകളുടെയും പരസ്യങ്ങളില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ ഉപദേശം. ഇത്തരത്തിലുള്ള പരാതികളില്‍ അന്വേഷണം നടന്നു വരികയാണെന്ന് പോസ്റ്റില്‍ പറയുന്നു.
പ്രൊഫൈലില്‍ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവയ്ക്കുമ്പോള്‍ അവ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന രീതിയില്‍ സെറ്റിങ്‌സ് ക്രമീകരിക്കുക. ഫോട്ടോകള്‍ ദുരുപയോഗിക്കപ്പെട്ടാല്‍ ഉടന്‍ പോലീസ് സഹായം തേടണമെന്നും പോസ്റ്റില്‍ പറയുന്നു.
അതേസമയം പോലീസിന്റെ ഉപദേശത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുകയാണ്. സദാചാര കേശവന്‍മാമന്‍ കളിക്കുകയാണ് പോലീസ് എന്നാണ് ഉയരുന്ന വിമര്‍ശനം.
സന്ധ്യാ സമയത്തിനുശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങിയാല്‍ പീഡനം നടക്കും എന്നു പറയുന്നതിന്റെ മറ്റൊരു വേര്‍ഷന്‍ അല്ലേ നിങ്ങള്‍ പറയുന്നത് എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
ആരെങ്കിലും ഫോട്ടോ ദുരുപയോഗം ചെയ്താല്‍ നിയമ നടപടി സ്വീകരിക്കുകയാണ് പോലീസിന്റെ ജോലി. ഫേസ്ബുക്കില്‍ ഫോട്ടോ ഷെയര്‍ ചെയ്യുക എന്നത് നിയമവിരുദ്ധമായ കാര്യമല്ല. സമൂഹ്യമായ ഇടപെടലുകളും തുറന്ന ചര്‍ച്ചകളും കൊണ്ട് ജന്‍ഡര്‍ ഇക്വാലിറ്റിയിലേക്ക് കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ് നമ്മള്‍. അപ്പോഴാണ് പോലീസിന്റെ റിഗ്രസീവ് നിലപാട്, സൈബര്‍ കുറ്റകൃത്യങ്ങളില്‍ നടപടി സ്വീകരിക്കണം, അതാണ് നിങ്ങളുടെ ജോലി. അല്ലാതെ സദാചാര പോലീസ് കളിക്കുകയല്ലെന്നും ചിലര്‍ പറയുന്നു.