ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ സോഷ്യല്‍മീഡിയയിലൂടെ തട്ടിപ്പുകള്‍ പെരുകി വരികയാണ്. ഇത് തടയാന്‍ പരിഹാരമാര്‍ഗം നിര്‍ദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫിറോസ് കുന്നംപറമ്പില്‍. ഒരു രോഗിക്ക് വേണ്ടി വീഡിയോ ചെയ്യുമ്പോള്‍ അതിലേക്ക് വരുന്ന അധിക തുക സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് കൈമാറുന്ന സംവിധാനം ആവിഷ്‌കരിക്കണമെന്ന് ഫിറോസ് അഭിപ്രായപ്പെട്ടു.
ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ഫിറോസ് കുന്നംപറമ്പില്‍ ഇക്കാര്യം പറഞ്ഞത്. വീഡിയോ ചെയ്യുമ്പോള്‍ പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ നിന്ന് കത്ത് വാങ്ങുന്ന തരത്തിലേക്കും ചാരിറ്റി മാറണമെന്ന് ഫിറോസ് പറഞ്ഞു.
ഫിറോസ് കുന്നംപറമ്പിലിന്റെ വാക്കുകള്‍;
”സോഷ്യല്‍മീഡിയ ചാരിറ്റിയില്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെടട്ടേ. എല്ലാ ചാരിറ്റിക്കാരെയും ലിസ്റ്റ് ചെയ്യട്ടെ. ഒരു വീഡിയോ ചെയ്യുമ്പോള്‍ അതാത് പ്രദേശത്തെ ആരോഗ്യവകുപ്പില്‍ നിന്നോ പൊലീസ് സ്റ്റേഷനില്‍ നിന്നോ ഒരു കത്ത് വാങ്ങട്ടെ. മാത്രമല്ല, ആ വീഡിയോയില്‍ എത്ര ഫണ്ട് വന്നൂയെന്ന കാര്യം പൊലീസിനെ അറിയിക്കട്ടേ. കൂടുതലായി വരുന്ന പണം നിക്ഷേപിക്കാന്‍ സാമൂഹ്യസുരക്ഷ മിഷന്‍ പോലെ സര്‍ക്കാര്‍ ഒരു സംവിധാനം ഉണ്ടാക്കണം. റിട്ട. ജഡ്ജിമാരെയോ, ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥരെയോ ഉള്‍ക്കൊള്ളിച്ച് ഒരു കമ്മിറ്റി ഉണ്ടാക്കണം. എന്നിട്ട് ആ കമ്മിറ്റിയുടെ പേരില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കി, കൂടുതലായി വരുന്ന തുക അതിലേക്ക് കൈമാറ്റം ചെയ്യണം.”
”ഒരു രോഗിക്ക് 18 കോടി രൂപ സര്‍ക്കാരിന് കൊടുക്കാന്‍ സാധിക്കുന്നില്ല. ആ ഘട്ടത്തിലാണ് കുറെ ആളുകള്‍ ചേര്‍ന്ന് ആറു ദിവസം കൊണ്ട് 18 കോടി രൂപ സംഘടിപ്പിച്ചത്. ആയിരക്കണക്കിന് ആളുകള്‍ക്ക് ചാരിറ്റിയിലൂടെ ആശ്വാസം പകര്‍ന്നവരാണ് ഞാനടക്കമുള്ളവര്‍. ഞങ്ങള്‍ വീഡിയോ ചെയ്യുമ്പോള്‍ ഒരു കോടി രൂപ വരുന്നുണ്ടെങ്കില്‍ അത് വിശ്വാസം കൊണ്ടാണ്. മാധ്യമങ്ങള്‍ പോസ്റ്റര്‍ അടിച്ച് വിട്ടാല്‍ അത്രയും തുക ലഭിക്കില്ല. ആ 18 കോടിക്ക് വേണ്ടി ആ പ്രദേശത്തെ നാട്ടുകാര്‍ വീഡിയോ ചെയ്തപ്പോള്‍ ഞാനടക്കമുള്ളവര്‍ ഷെയര്‍ ചെയ്തത് കൊണ്ടാണ് ആ പണം വന്നത്.”
Discussion about this post