ബംഗളൂരു: ഭര്‍തൃവീട്ടുകാര്‍ വീടും സ്വത്തുക്കളും തട്ടിയെടുത്തെന്ന പരാതിയുമായി മലയാളി യുവതി. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനിയായ നിഷയാണ് ഇതുസംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഭര്‍ത്താവ് കൊവിഡ് ബാധിച്ചു മരിച്ചതോടെ ഭര്‍ത്താവിന്റെ കുടുംബം വീടും സ്വത്തും തട്ടിയെടുത്തെന്നും മാറിപ്പോകാന്‍ ഭീഷണിപ്പെടുത്തുകയാണെന്നും യുവതി നല്കിയ പരാതിയില്‍ പറയുന്നു.
പൈലറ്റായിരുന്ന ഭര്‍ത്താവിന്റെ മരണത്തിലും അസ്വാഭാവികത തോന്നുന്നുവെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. ബെംഗളൂരു പൊലീസില്‍ പരാതി നല്കിയെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായില്ല. അതേസമയം വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ഭര്‍തൃവീട്ടുകാര്‍ അറിയിച്ചു.
ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ പൈലറ്റായിരുന്ന ക്യാപ്റ്റന്‍ കെഎന്‍ നന്ദകുമാറിനെ വിവാഹം കഴിച്ച് 2007-ലാണ് നിഷ ബെംഗളൂരുവിലെത്തുന്നത്. കഴിഞ്ഞ ജനുവരിയിലാണ് നന്ദകുമാര്‍ കൊവിഡ് ബാധിച്ചു മരിച്ചത്. ചികിത്സാ സമയത്ത് ഭര്‍ത്താവിനെ ഒന്നു കാണാന്‍ പോലും തന്നെ അനുവദിച്ചില്ലെന്നും, ആശുപത്രി ചിലവിനെന്ന പേരില്‍ ഭര്‍തൃവീട്ടുകാര്‍ ലക്ഷങ്ങള്‍ തന്നോട് വാങ്ങിയെന്നും നിഷ പറയുന്നു.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് കമ്പനിയാണ് ആശുപത്രി ചിലവ് വഹിച്ചതെന്ന് പിന്നീട് അറിഞ്ഞു. താന്‍ നാട്ടില്‍നിന്നും തിരിച്ചെത്തിയപ്പോഴേക്കും താമസിച്ചിരുന്ന വീടും ഭര്‍ത്താവിന്റെ കാറുമടക്കം എല്ലാസ്വത്തുക്കളും ഭര്‍തൃ സഹോദരിയും കുടുംബവും കൈക്കലാക്കി.
ഇപ്പോള്‍ വീടിന്റെ മുകള്‍ നിലയിലാണ് നിഷയും അമ്മയും ഭയന്ന് താമസിക്കുന്നത്. ഉപദ്രവിക്കുമെന്ന് പേടിച്ച് അഞ്ചും ഏഴും വയസുളള മക്കളെ ബെംഗളൂരുവിലേക്ക് കൊണ്ടുവന്നിട്ടില്ല. ഇവിടം വിട്ടുപോകണമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഭര്‍ത്താവിന്റെ മരണത്തിലും തനിക്കിപ്പോള്‍ അസ്വാഭാവികത തോന്നുന്നുവെന്ന് നിഷ പറയുന്നു.
Discussion about this post