കൊച്ചി: സംസ്ഥാനത്തെ ചാരിറ്റി ഇടപാടില്‍ കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി.
ആര്‍ക്കും പണം പിരിക്കാം എന്ന അവസ്ഥ പാടില്ലെന്നും ക്രൗണ്ട് ഫണ്ടിംഗ് സര്‍ക്കാര്‍ നിരീക്ഷിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ക്രൗഡ് ഫണ്ടിംഗിനായി അഭ്യര്‍ത്ഥിക്കുന്ന ചാരിറ്റി യൂട്യൂബര്‍മാര്‍ പണം നിക്ഷേപിക്കാന്‍ സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.
പണം എവിടെ നിന്ന് വരുന്നു എന്നറിയാന്‍ സംവിധാനം വേണം. ചികിത്സയ്ക്ക് ആവശ്യമായ പണത്തെക്കാള്‍ കൂടുതല്‍ ലഭിച്ചാല്‍ എന്തു ചെയ്യണമെന്നതിനെ കുറിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരിന്റെ മേല്‍നോട്ടം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
അപൂര്‍വ്വ രോഗം ബാധിച്ച മലപ്പുറത്തെ കുട്ടിയ്ക്ക് സര്‍ക്കാരിന്റെ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ക്രൗഡ് ഫണ്ടിംഗുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിരീക്ഷണം നടത്തിയത്.
സത്യസന്ധമായ ഉറവിടത്തില്‍ നിന്ന് അര്‍ഹരായ കുട്ടികള്‍ക്ക് പണം വരുന്നത് തടയാന്‍ പാടില്ല. സര്‍ക്കാരിന് ഇക്കാര്യത്തില്‍ സമഗ്രമായ നയം വേണം. കോടതി ക്രൗഡ് ഫണ്ടിംഗിന് എതിരല്ല. പക്ഷേ ഇത് പരിശോധിക്കാനായി സമഗ്രമായ നയരൂപീകരണം വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
Discussion about this post