കൊച്ചി: നടി അമ്പിളിദേവിയുടെ ഗാർഹിക പീഡന പരാതിയിൽ ഭർത്താവും നടനുമായ ആദിത്യൻ ജയന് മുൻകൂർ ജാമ്യം. കർശ്ശന ഉപാധികളോടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തരുതെന്ന താക്കീത് നൽകിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
അറസ്റ്റ് രേഖപ്പെടുത്തിയാൽ അന്നുതന്നെ ആദിത്യനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം നൽകണമെന്നും കോടതി നിർദേശിച്ചു. തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യൻ ഭീഷണിപ്പെടുത്തിയെന്നും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നുമാണ് അമ്പിളി ദേവിയുടെ പരാതി.
അമ്പിളി ദേവിയുടെ പരാതിയിൽ പോലീസ് ആദിത്യൻ ജയന് എതിരെ കേസെടുത്തിരുന്നു. തുടർന്നാണ് ആദിത്യൻ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ കഴിഞ്ഞ ഏപ്രിലിൽ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.