കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാനോളം പുകഴ്ത്തി ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ എം. അബ്ദുള്‍ സലാം. ലോകത്ത് എവിടെ പോയാലും മോഡിയുടെ നാട്ടില്‍ നിന്നാണെന്ന് അറിഞ്ഞാല്‍ നമുക്ക് അംഗീകാരം ലഭിക്കുമെന്ന് അബ്ദുള്‍ സലാം പറയുന്നു.
അബ്ദുള്‍ സലാമിന്റെ വാക്കുകള്‍;
ലോകത്ത് എവിടെ ചെന്നാലും മോഡിയുടെ നാട്ടില്‍നിന്നാണോ വരുന്നതെന്ന് ചോദിച്ച് നമുക്ക് ഒരു അംഗീകാരം കിട്ടും, അമേരിക്കയെ വിറപ്പിക്കുന്ന ചൈന നമ്മളെ തൊടുന്നില്ല, അവരുടെ കാല്‍മുട്ട് വിറയ്ക്കും. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു അംശമെങ്കിലും നരേന്ദ്ര മോഡിക്ക് വേണ്ടിയും പ്രാര്ഥിക്കാറുണ്ട്. എന്തിനെന്ന് വെച്ചാല്‍ അദ്ദേഹത്തെ നഷ്ടപ്പെട്ടുപോയാല്‍ അച്ഛനില്ലാത്ത പോലെ തോന്നും.
അതുകൊണ്ട് ആ വ്യക്തിത്വം, ബുദ്ധി, ശക്തി, സമര്‍പ്പണം നമുക്ക് ദീര്‍ഘകാലം ഉണ്ടാകണമെന്ന് ആഗ്രഹിക്കാറും പ്രാര്‍ത്ഥിക്കാറുമുണ്ട്. ഒരു മനുഷ്യനില്‍ കണ്ടിട്ടുള്ള നന്മകളുടെ കേദാരം മാത്രമല്ല, ഭരണനേട്ടം, നല്ല നേതൃത്വം, പ്രവര്‍ത്തന നൈപുണ്യം, രാഷ്ട്രീയ തന്ത്രം എന്നിവയെല്ലാം മോദിയുടെ കഴിവാണ്. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുവില്ല, സ്ഥിരം മിത്രവുമില്ല. നമ്മുടെ ആരുടെയും ഭാഗത്ത് നിന്ന് വെറുപ്പ് വളര്‍ത്തുന്ന വാക്കോ പ്രയോഗങ്ങളോ ഉണ്ടാകരുത്.
കേരളത്തില്‍ ന്യുനപക്ഷങ്ങളുടെ പിന്തുണ ഉണ്ടെങ്കിലേ ഭരണം പിടിക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ തന്നെ ന്യൂനപക്ഷ മോര്‍ച്ചയുടെ പ്രവര്‍ത്തനം വളരെ പ്രസക്തമാണ്. ന്യൂനപക്ഷത്തിന്റെ ദുഖം, പേടി, ഉത്കണ്ഠ മനസിലാക്കി, അതിന് വേണ്ട മരുന്ന് കൊടുത്ത് അവരെക്കൂടി ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോകുക എന്നതാണ് നമ്മുടെ തന്ത്രം. 2026 ലേക്ക് എത്തുമ്പോള്‍ ഭരണം പിടിച്ചെടുക്കണമെങ്കില്‍ മറ്റൊരു പോംവഴിയും കേരളത്തിലില്ല.
Discussion about this post