തിരുവല്ല: ചെങ്ങന്നൂരില്‍ നിന്ന് കാണാതായ എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കല്ലൂപ്പാറ തുരുത്തിക്കാട് ഈട്ടിക്കല്‍പ്പടിയില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ പിന്നിലാണ് ചെങ്ങന്നൂര്‍, പാണ്ടനാട് സ്വദേശി ജോര്‍ജി വര്‍ഗീസി(23)ന്റെ മൃതശരീരം കത്തിയ നിലയില്‍ കണ്ടെത്തിയത്.
ജോര്‍ജിയെ ഇന്നലെ രാവിലെയാണ് കാണാതായത്. കാറില്‍ പുറത്തേക്ക് പോയ ജോര്‍ജിയെ മൊബൈല്‍ ഫോണില്‍ വിളിച്ചിട്ടും കോള്‍ എടുക്കാത്ത സാഹചര്യമായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കി. വിവിധ ഇടങ്ങളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ ടവര്‍ ലൊക്കേഷന്‍ തിരുവല്ല മല്ലപ്പള്ളി താലൂക്ക് പരിധിയിലാണെന്ന് മനസിലാക്കിയിരുന്നു. വൈകിട്ട് നടത്തിയ പരിശോധനയില്‍ ആളൊഴിഞ്ഞ വീടിന് മുന്നില്‍ ഇദ്ദേഹം ഉപയോഗിച്ചിരുന്ന കാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിന് പിന്നില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. കാറിനുള്ളില്‍ ഇദ്ദേഹം ഉപയോഗിച്ചിരുന്ന കണ്ണാടി, ചെരുപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ വെച്ചിരുന്നു. വീടിന്റെ പിന്‍ഭാഗത്ത് പെട്രോള്‍ സൂക്ഷിച്ചിരുന്ന കുപ്പിയും അടപ്പും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പൂര്‍ണമായും കത്തിയ നിലയിലാണ്.
Discussion about this post