തൃശൂർ: കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി കുഴൽപ്പണം കവർന്ന കേസിൽ ഈ മാസം 26നകം കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ഏപ്രിൽ മൂന്നിനാണ് കൊടകര മേൽപാലത്തിന് സമീപം സംഭവമുണ്ടായത്. ഈ പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ആവശ്യത്തിന് കൊണ്ടുവന്നതാണെന്നാണ് പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. കേസിൽ ഇതുവരെ 22 പേർ പിടിയിലായിട്ടുണ്ട്. ഒന്നര കോടിയോളം രൂപയും 20 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും പിടിച്ചെടുത്തു. രണ്ടു കോടിയോളം രൂപ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ഈയാഴ്ച തന്നെ നോട്ടീസ് നൽകിയേക്കും. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാൻ സുരേന്ദ്രനോട് ആവശ്യപ്പെട്ടെങ്കിലും 13 വരെ അസൗകര്യമുണ്ടെന്ന് അറിയിച്ചിരുന്നു. അന്വേഷണ സംഘം കേസിന്റെ പുരോഗതി വിലയിരുത്തി.
കോടതിയിൽ നൽകിയ റിപ്പോർട്ടിൽ, ഇടപാടിന് ബിജെപി ബന്ധമുള്ളതായി പരാമർശിച്ചതിനാൽ കുറ്റപത്രത്തിൽ ഇതിൽ വ്യക്തത വരുത്തുമെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു. കർണാടകയിൽനിന്ന് ദക്ഷിണകേരളത്തിലേക്ക് കൊണ്ടുവന്ന പണമാണ് ഇതെന്നാണ് പോലീസ് നിഗമനം.