കോട്ടയം: ആശുപത്രിയില്‍ പോകാതെ ഓണ്‍ലൈനില്‍ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ഇ-സഞ്ജീവനി സേവനങ്ങള്‍ എല്ലാ ദിവസവും ജില്ലയില്‍ ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജേക്കബ് വര്‍ഗീസ് അറിയിച്ചു. കോവിഡ് ഒ.പി, ജനറല്‍ ഒ.പി, സ്പെഷ്യലിസ്റ്റ് ഒ.പി എന്നീ മൂന്നു വിഭാഗങ്ങളിലാണ് ചികിത്സ ലഭിക്കുക.
കോവിഡ് ബാധിച്ചും ക്വാറന്റയിനിലും വീടുകളില്‍ കഴിയുന്നവരെ ഉദ്ദേശിച്ച് ദേശീയ തലത്തില്‍ തുടങ്ങിയ സംവിധാനം മറ്റു വിദഗ്ധ ചികിത്സകള്‍ കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കുകയായിരുന്നു.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് eSanjeevaniOPD ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തും www.esanjeevaniopd.in എന്ന പോര്‍ട്ടല്‍ മുഖേനയും ചികിത്സ തേടാം.
വ്യക്തിഗത വിവരങ്ങളും മുന്‍ ചികിത്സാ റിപ്പോര്‍ട്ടുകളും പരിശോധന ഫലങ്ങളും നല്കി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ടോക്കണ്‍ നമ്പര്‍ ലഭിക്കും. തുടര്‍ന്ന് ടോക്കണ്‍ നമ്പര്‍ നല്കി ലോഗിന്‍ ചെയ്യുമ്പോള്‍ അപ്പോയ്മെന്റ് ലഭിക്കും. ഏതു സമയത്ത് ഡോക്ടര്‍ വീഡിയോ കോളില്‍ എത്തും എന്ന് അറിയിക്കും.
നിശ്ചിത സമയത്ത് ഡോക്ടര്‍ രോഗിയുമായി സംസാരിച്ച് ചികിത്സ നിര്‍ദ്ദേശിക്കും. കുറിപ്പ് മൊബൈലില്‍ പി.ഡി.എഫ് ഫയലായി അയച്ചു തരികയും ചെയ്യും.
കോവിഡ് രോഗികള്‍ക്കുള്ള ഒ.പി എല്ലാ ദിവസവും 24 മണിക്കൂറുമുണ്ട്. ജനറല്‍ ഒപിയും ശിശു രോഗ വിഭാഗവും എല്ലാ ദിസവവും രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറു വരെയുണ്ട്.
സര്‍ജറി, ജനറല്‍ മെഡിസിന്, ഗൈനക്കോളജി, പാലിയേറ്റീവ് കെയര്‍, മാനസിക രോഗ ചികിത്സ, ദന്ത ചികിത്സ, ശ്വാസകോശ രോഗ ചികിത്സ തുടങ്ങിയവ എല്ലാദിവസവും രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ്.
അസ്ഥിരോഗ വിഭാഗം തിങ്കള്‍, വ്യാഴം വെള്ളി ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും ഹൃദ്രോഗ വിഭാഗം ഞായറാഴ്ച്ച രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് ഒന്നുവരെയുമാണ് പ്രവര്‍ത്തിക്കുക.
Discussion about this post