കൊച്ചി: സംസ്ഥാന സർക്കാരുമായി ഒപ്പുവെച്ച 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറിയതിന് പിന്നാലെ കിറ്റെക്‌സ് ഇതോ പദ്ധതിയുമായി തെലങ്കനയിലേക്ക്. നാളെ ഹൈദരാബാദിലെത്തി പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബ് വ്യക്തമാക്കി.
നേരത്തേ തെലുങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവു കിറ്റെക്‌സിന് ക്ഷണക്കത്ത് കൈമാറിയിരുന്നു. ആറ് സംസ്ഥാനങ്ങളിൽ നിന്ന് ക്ഷണമെത്തിയിട്ടുണ്ടെന്ന് കിറ്റെക്‌സ് എംഡി നേരത്തേ അറിയിച്ചിരുന്നു. തെലങ്കാന സർക്കാറിന്റെ ഔദ്യോഗിക ക്ഷണമനുസരിച്ചാണ് യാത്രയെന്നും എംഡി പറഞ്ഞു.
ഇതിനിടെ, കിറ്റെക്‌സിൽ നടക്കുന്ന നിയമലംഘനങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎൽഎമാർ മുഖ്യന്ത്രിക്ക് നൽകിയ കത്ത് പുറത്തുവന്നു. ആധുനിക ശുദ്ധീകരണ പ്ലാന്റ് പ്രവർത്തനസജ്ജമാകുന്നതുവരെ കിറ്റെക്‌സ് കമ്പനിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് എംഎൽഎമാർ നൽകിയ കത്ത് പുറത്തുവന്നത് വലിയ ചർച്ചയാവുകയാണ്.