രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിന് കൈത്താങ്ങായി സര്‍ക്കാര്‍: 20 ലക്ഷം സഹായധനവും ഭാര്യയ്ക്ക് ജോലിയും; മകന്റെ വിദ്യാഭ്യാസവും ഏറ്റെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരന്‍ ഹര്‍ഷാദിന്റെ കുടുംബത്തിന് കൈത്താങ്ങായി സംസ്ഥാന സര്‍ക്കാര്‍.

ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം അനുവദിച്ചു. ഇതില്‍ 10 ലക്ഷം വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നല്‍കും. ആശ്രിതയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ഹര്‍ഷാദിന്റെ മകന്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി അബിന് 18 വയസ്സുവരെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കും.

കാട്ടാക്കടയില്‍ വാടകവീട്ടിലാണ് ഹര്‍ഷാദിന്റെ ഭാര്യ ഷീജയും മകനും താമസിക്കുന്നത്. ഹര്‍ഷാദിന്റെ അമ്മ ഐഷാബീവിയും ഇവര്‍ക്കൊപ്പമുണ്ട്. ഷീജയ്ക്ക് ജോലിയില്ല. ഭക്ഷണം നല്‍കി കൂട് വൃത്തിയാക്കുന്നതിനിടെയാണ് ഹര്‍ഷാദ് വ്യാഴാഴ്ച ഉച്ചയ്ക്ക് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്.

Exit mobile version