തൃശ്ശൂർ: തൃശ്ശൂരിലെ മേയറെ പോലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്ന പരാതിക്ക് പ്രതിപക്ഷത്തിന്റെ പരിഹാസം കലർന്ന തിരിച്ചടി. കോർപറേഷനിലെ പ്രതിപക്ഷ അംഗങ്ങൾ മേയർക്ക് അപ്രതീക്ഷിതമായി സല്യൂട്ട് നൽകിയാണ് വലിയ ചിരിക്ക് തുടക്കമിട്ടിരിക്കുന്നത്.
തൃശ്ശൂർ കോർപ്പറേഷൻ അംഗങ്ങൾ മാസ്റ്റർപ്ലാൻ ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന യോഗത്തിലാണ് കൂട്ട സല്യൂട്ടടി ഉണ്ടായത്. മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്നായിരുന്നു മേയറെ ഉപരോധിച്ച് കോൺഗ്രസ്-ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടത്.
ഇതിനിടെയാണ് ഉപരോധത്തിനിടയിൽ പൊടുന്നനവേ പ്രതിപക്ഷാംഗങ്ങൾ സല്യൂട്ട് ചെയ്യാൻ തുടങ്ങിയത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും മേയർ എംകെ വർഗീസും പിന്നെ വിട്ടുകൊടുത്തില്ല ഉശിരോടെ തിരിച്ചടിച്ചു. ഒരുതവണയല്ല, വലത്തോട്ടും ഇടത്തോട്ടും ഓരോന്ന് കൂടി. ഇതോടെ സല്യൂട്ട് കിട്ടുന്നില്ലെന്ന പരാതി തീർന്നു കാണുമല്ലോ എന്നാണ് കോർപറേഷൻ അംഗങ്ങൾ പറയുന്നത്.
പോലീസ് തന്നെ ബഹുമാനിക്കുന്നില്ലെന്നും സല്യൂട്ട് അടിക്കാതെ മാറുന്നുവെന്നും കാണിച്ച് മേയർ ഡിജിപിക്ക് ഉൾപ്പടെ പരാതിയുമായി കത്ത് നൽകിയത് വലിയ വിവാദമായിരുന്നു.