കോഴിക്കോട്: രണ്ടാം മോഡി സര്‍ക്കാറിന്റെ മന്ത്രിസഭാ പുനഃസംഘടനയ്‌ക്കെതിരെ രൂക്ഷപരിഹാസവുമായി കെ മുരളീധരന്‍ എംപി. എത്ര തൊഴുത്തു മാറ്റികെട്ടിയാലും മച്ചിപശു പ്രസവിക്കില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.
പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവും കോവിഡ് രണ്ടാം തരംഗം തടയുന്നതിലെ പരാജയവും മറച്ചുവെക്കാനാണ് മന്ത്രിസഭാ പുനഃസംഘടനയെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ ഭിക്ഷാംദേഹികളെ ഉള്‍പ്പെടുത്തി ഒരു മാറ്റം വരുത്തിയാല്‍ അത് മുഖം മിനുക്കലല്ല മുഖം കൂടുതല്‍ വികൃതമാക്കലാണ്. ഭാഗ്യാന്വേഷികള്‍ മന്ത്രിസഭയില്‍ കയറി എന്നതിനപ്പുറം ഒരു പ്രത്യേകതയും പുനഃസംഘടനയ്ക്ക് അവകാശപ്പെടാനില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു.
കോണ്‍ഗ്രസ് വിട്ട പ്രമുഖ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ മന്ത്രിസ്ഥാനത്തില്‍ എത്ര സിന്ധ്യമാര്‍ പോയാലും കോണ്‍ഗ്രസ് തകരില്ലെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണുമ്പോള്‍ സിന്ധ്യ എന്താണെന്ന് എല്ലാവര്‍ക്കും ബോധ്യമാകുമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകത്തില്‍ സിന്ധ്യ തോറ്റതിന്റെ ഉത്തരവാദി കോണ്‍ഗ്രസ്സല്ലെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു രണ്ടാം മോദി സര്‍ക്കാറിന്റെ മന്ത്രിസഭ പുനസംഘടനാ പ്രഖ്യാപനം. 87 അംഗ പുതിയ മന്ത്രിസഭയാണ് വരുന്നത്. 20 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് പുതിയ മന്ത്രിസഭ.