നെയ്യാറ്റിന്‍കര: വിവാഹം താമസിച്ചതിന്റെ പക മനസില്‍ കൊണ്ടുനടന്ന 39കാരന്‍ വിപിന്‍ദാസ് എടുത്തത് സ്വന്തം അമ്മയുടെ ജീവന്‍. പൂവാര്‍ ഊറ്റുകുഴിയില്‍ പരേതനായ പാലയ്യന്റെ ഭാര്യയും റിട്ട. അധ്യാപികയുമായ75കാരി ഓമനയെയാണ് മകന്‍ വിപിന്‍ദാസ് ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ വിപിനിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
അമ്മയുടെ മൃതദേഹം ഒറ്റയ്ക്കു സംസ്‌കരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണു വിപിന്‍ദാസിനെ കസ്റ്റഡിയില്‍ എടുത്തത്. സ്വാഭാവിക മരണമാണെന്നും ബന്ധുക്കള്‍ സഹകരിക്കാത്തതിനെ തുടര്‍ന്നാണ് മൃതദേഹം ഒറ്റയ്ക്കു മറവു ചെയ്യാന്‍ ശ്രമിച്ചെന്നുമായിരുന്നു മൊഴി. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുടുങ്ങിയത്. പതിനാറാം വയസ്സില്‍ സൈനിക സേവനത്തില്‍ പ്രവേശിച്ച വിപിന്‍ദാസ് 3 വര്‍ഷം മുന്‍പ് വിരമിച്ചു.
അന്നു മുതല്‍ അമ്മയ്‌ക്കൊപ്പമാണു താമസം. വിവാഹം താമസിച്ചതിനു കാരണം അമ്മയാണെന്ന് വിപിന്‍ദാസ് വിശ്വസിച്ചു. ഇതാണ് പക തോന്നാനുള്ള കാരണമായതെന്ന് പോലീസ് പറയുന്നു. അമിത മദ്യപാനിയായ ഇയാള്‍ വീട്ടില്‍ സുഹൃത്തുക്കള്‍ക്ക് മദ്യ സല്‍ക്കാരം നടത്തുക പതിവായിരുന്നു. ഇതു ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
അമ്മയുടെ കഴുത്തു ഞെരിച്ച പ്രതി, അലറിക്കരഞ്ഞ അവരുടെ വായ അടച്ചുപിടിച്ചതായി പോലീസ് അറിയിച്ചു. നെഞ്ചില്‍ ആഞ്ഞു ചവിട്ടി മരണം ഉറപ്പിച്ചു. പിന്നീട് വീടിനു പുറത്ത് പൈപ്പിന്റെ ചുവട്ടില്‍ മൃതദേഹം കിടത്തുകയും മുഖത്തുണ്ടായിരുന്ന രക്തം കഴുകി കളയുകയും ചെയ്തു. സ്വാഭാവിക മരണമെന്നു കാട്ടി സുഹൃത്തുക്കളെ വിളിച്ചു വരുത്തിയെങ്കിലും രംഗം പന്തിയല്ലെന്നു കണ്ട അവര്‍ മടങ്ങിപ്പോയെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post