വീണ്ടും ക്രൂരത; മുഖം ചാക്കുകൊണ്ടു മൂടിക്കെട്ടി നായയെ പുഴയില്‍ കെട്ടിത്താഴ്ത്തി, മിണ്ടാപ്രാണിയുടെ ദേഹത്ത് റോഡിലൂടെ വലിച്ചിഴച്ചതിന്റെ മുറിവുകളും!

cruel mind | Bignewslive

മൂവാറ്റുപുഴ: നായകളോടും പൂച്ചകളോടുമുള്ള ക്രൂരതകള്‍ പലതും നാം കണ്ടിട്ടുണ്ട്. അടുത്തിടെ ബ്രൂണോ എന്ന നായയെ കെട്ടിത്തൂക്കിയ ശേഷം അടിച്ചു കൊലപ്പെടുത്തിയത് കേരളക്കരയുടെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. ഇപ്പോള്‍ വീണ്ടും നായയോടുള്ള ക്രൂരതയാണ് പുറത്തുവരുന്നത്.

മുഖം ചാക്കു കൊണ്ടു മൂടിക്കെട്ടി, കയറില്‍ പുഴയിലേക്കു കെട്ടിത്താഴ്ത്തിയ നിലയിലാണ് നായക്കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. രാവിലെ മൂവാറ്റുപുഴയാറിലെ ത്രിവേണി സംഗമത്തില്‍ കുളിക്കാന്‍ എത്തിയ ആനപ്പാപ്പാനായിരുന്ന ഈശ്വരനാണ് ദേഹമാകെ മുറിവുകളുമായി മരണാസന്നനായി മുങ്ങിക്കിടന്ന രണ്ടു വയസ്സ് തോന്നിക്കുന്ന നായയെ കണ്ടത്. ഉടനടി മൃഗാശുപത്രിയിലെത്തിക്കുകയായിരുന്നു.

പുഴയോര നടപ്പാതയിലേക്കു കയറില്‍ കെട്ടിവലിച്ചാണു നായയെ എത്തിച്ചിരിക്കുന്നതെന്നു മൃഗസ്‌നേഹികളുടെ സംഘടനയായ ദയയുടെ കോഓര്‍ഡിനേറ്റര്‍ അമ്പിളി പുരയ്ക്കല്‍ പറഞ്ഞു. നടപ്പാത നിറയെ വലിച്ചിഴച്ചതിന്റെ രക്തപ്പാടുകള്‍ ഈ മിണ്ടാപ്രാണിയുടെ ദേഹത്തുണ്ട്.

റോഡിലൂടെ വലിച്ചിഴയ്ക്കുന്നതിനിടെ കാലുകളിലെ നഖങ്ങളെല്ലാം വീണ്ടു കീറിയിട്ടുണ്ട്. വിവരം അറിഞ്ഞെത്തിയ മുഹമ്മദ് ഷാ, ബിജു നാരായണന്‍, കെ.വി.മനോജ് എന്നിവരും ചേര്‍ന്നാണു നായയെ മൃഗ ഡോക്ടറായ ഡോ.അക്ഷയ സുരേന്ദ്രന്റെ അടുത്ത് എത്തിച്ചത്. ദയ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Exit mobile version