കൊച്ചി: കൊച്ചിയിൽ ഓട്ടോറിക്ഷാ ഡ്രൈവറെ അടിച്ചു കൊന്ന കേസിൽ പോലീസുകാരനടക്കം രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഡിസിപി ഐശ്വര്യ ഡോങ്‌റെ പറഞ്ഞു. കുന്നുംപുറം സ്വദേശിയായ ഓട്ടോ ഡ്രൈവർ കൃഷ്ണകുമാറിനെ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കൊല്ലപ്പെട്ട നിലിൽ കണ്ടെത്തിയത്.
കേസില് വൈകാതെ തന്നെ കൊച്ചി എആർ ക്യാമ്പിലെ പോലീസ്‌കാരനായ ബിജോയ് സുഹൃത്ത് ഫൈസൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസുകാരനും സുഹൃത്തുക്കളുമുൾപ്പെടെ കുന്നുംപുറം പീലിയോടിനു സമീപം പുഴക്കരയിലെത്തി മദ്യപിച്ചിരുന്നു. പിന്നീട് ഇവിടേക്ക് കൃഷ്ണകുമാറിനെ വിളിച്ചു വരുത്തി.
ഇവരുടെ ഒപ്പമുണ്ടായിരുന്ന ആളുമായി കൃഷ്ണകുമാറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇത് സംബന്ധിച്ച് തർക്കം ഉണ്ടാവുകയും തുടർന്ന് കമ്പി വടി ഉപയോഗിച്ച് കൃഷ്ണകുമാറിനെ കൊലപ്പെടുത്തുകയുമായിരുന്നു. പുഴക്കരയിൽ നിന്നും ബഹളം കേട്ടതിനെ തുടർന്ന് സമീപവാസികൾ ഇവിടെ എത്തി നോക്കുമ്പോഴാണ് പരിക്ക് പറ്റിയ നിലയിൽ ഇയാളെ കണ്ടെത്തിയതും വിവരം പോലീസിനെ അറിയിച്ചതും. പോലീസ് എത്തിയപ്പോളേക്കും മരണം സംഭവിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് രണ്ടുപേരെക്കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Discussion about this post