കൊല്ലം: അനാഥയും ബധിരയും മൂകയുമായ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിക്കൊന്ന കേസിൽ ഭർത്താവിന് കോടതി ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പള്ളിത്തോട്ടം ക്യുഎസ്എസ്എസ്.കോളനി വെളിച്ചം നഗറിലെ 97ാം നമ്പർ വീട്ടിൽ മോളി (29) കൊല്ലപ്പെട്ട കേസിൽ ഭർത്താവ് അനിൽകുമാറിനെയാണ് (39) അഡീഷണൽ സെഷൻസ് ജഡ്ജി പി ഷേർളി ദത്ത് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷംകൂടി കഠിനതടവ് അനുഭവിക്കണം. പ്രതിയും ബധിരനും മൂകനുമാണ്.
2017 ഒക്ടോബർ 31ന് രാത്രി ക്യുഎസ്എസ്എസ് കോളനിയിലെ ഫ്‌ളാറ്റിൽ വെച്ചാണ് അനിൽ മോളിയെ തീകൊളുത്തിയത്. അന്ന് രണ്ടരവയസ്സായിരുന്ന മകൻ ക്രിസ്മാർക്കിന് അടുക്കളയിൽ ഭക്ഷണം തയ്യാറാക്കുകയായിരുന്നു മോളി. ഇതിനിടെ പിന്നിലെത്തിയ അനിൽ കന്നാസിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ മോളിയുടെ ശരീരത്തിലേക്ക് ഒഴിച്ചു. ഫ്‌ളാറ്റിലെ മറ്റ് അന്തേവാസികൾ ശബ്ദംകേട്ട് ഓടിയെത്തിയപ്പോഴേക്കും അനിൽകുമാർ മോളിയുടെ ശരീരത്തിൽ തീകൊളുത്തിയിരുന്നു. വാതിൽ തകർത്ത് അകത്തുകയറിയ അയൽവാസികൾ യുവതിയെ രക്ഷിക്കാൻ നടത്തിയ ശ്രമവും അനിൽകുമാർ തടഞ്ഞു. 70 ശതമാനം പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മോളി ദിവസങ്ങൾക്കുള്ളിൽ മരണത്തിന് കീഴടങ്ങിയെന്നായിരുന്നു കേസ്.
അനാഥയായ മോളിയെ കോട്ടയം നവജീവനിൽനിന്നാണ് അനിൽകുമാർ വിവാഹം കഴിച്ചത്. സംശയം കാരണം അനിൽകുമാർ മോളിയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചിരുന്നു. മോളിയെയും കുഞ്ഞിനെയും മുറിക്കുള്ളിൽ പൂട്ടിയിട്ടിട്ടാണ് ഇയാൾ മത്സ്യബന്ധനത്തിനു പോയിരുന്നത്. പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മജിസ്‌ട്രേറ്റിനു നൽകിയ മൊഴിയിൽ അനിൽകുമാറിന്റെ പീഡനങ്ങൾ മോളി വ്യക്തമാക്കിയിരുന്നു.
പള്ളിത്തോട്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടറായിരുന്ന മഞ്ജുലാലാണ് അന്വേഷണം നടത്തി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാലത്തറ വിനു കരുണാകരൻ, അഭിഭാഷകരായ ജീവ കെ തങ്കം, ജെ കാതറീന, മാലിനി ശ്രീധർ വിക്രം എന്നിവർ കോടതിയിൽ ഹാജരായി.
Discussion about this post