കണ്ണൂർ: ഒന്നരവയസുകാരൻ മുഹമ്മദിന് എസ്എംഎ അസുഖത്തിനുള്ള മരുന്നായ 18 കോടി വിലവരുന്ന അത്യപൂർവ്വ മരുന്ന് എത്തിക്കാൻ കേരളക്കര കൈയ്യും മെയ്യും മറന്ന് ഒറ്റക്കെട്ടായത് സഹോദരി അഫ്രയുടെ വാക്കുകൾ ഉള്ളിൽ തട്ടിയതു കൊണ്ടു കൂടിയാണ്. മണിക്കൂറുകൾക്കകം മലയാളികൾ സോഷ്യൽമീഡിയയിലൂടെ കൈകോർത്ത് മുഹമ്മദിന്റെ ഉമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 18 കോടി എത്തിച്ചതോടെ ഇനി മുഹമ്മദിന്റെ ചികിത്സ മുടങ്ങുമെന്ന ഭയമില്ല. ഇതിനിടെ മുഹമ്മദിന്റെ അതേരോഗം ബാധിച്ച സഹോദരി അഫ്രയെ കൈവിടാതെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ.
‘എന്റെ കാര്യം നോക്കേണ്ട, അനിയനെ നോക്കണം. അവന് മരുന്ന് എത്തിക്കണം’ എന്ന സഹോദരി അഫ്രയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അവളുടെ വാക്കുകളും അനിയനുവേണ്ടിയുള്ള അഭ്യർത്ഥനയും മലയാളി ഹൃദയം കൊണ്ട് കേട്ടു എന്നതിന് ഉദാഹരണമാണ് വെറും 7 ദിവസം കൊണ്ട് 18 കോടി അക്കൗണ്ടിലെത്തിയത്.
സഹോദരി അഫ്രയ്ക്കുള്ള ചികിത്സാചെലവ് ഏറ്റെടുക്കുമെന്ന് നാട്ടുകാർ പറയുന്നു. അഫ്രയുടെ ഓപ്പറേഷൻ നടത്തുമെന്ന് മുഹമ്മദിന്റെ ചികിസ്താ സഹായത്തിനായി രൂപീകരിച്ച കമ്മിറ്റി വ്യക്തമാക്കി. ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഈ പെൺകുട്ടി. പക്ഷേ 18 കോടിയുടെ മരുന്ന് അഫ്രയ്ക്ക് ഗുണം ചെയ്യില്ല. രണ്ട് വയസിനുള്ളിൽ ഈ മരുന്ന് നൽകിയാൽ മാത്രമാണ് ഫലമുണ്ടാവുക. ഇനി തുടർ ചികിൽസകൾ മാത്രമാണ് അഫ്രയ്ക്ക് നൽകാൻ കഴിയുക.
ഇതിനായി പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ചികിത്സാ കമ്മിറ്റിയും നാട്ടുകാരും. ഒരു രൂപ മുതൽ പത്തുലക്ഷം രൂപ വരെ ഇതിലേക്ക് സംഭാവന നൽകിയവർ ഉണ്ട് എന്നതും ശ്രദ്ധേയം.
Discussion about this post