കോട്ടയം: ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 27ാം ചരമ വാര്‍ഷികത്തില്‍ ബഷീറിനെ അനുസ്മരിച്ച് മമ്മൂട്ടി. നമ്മുടെ ബേപ്പൂര്‍ എന്ന സാംസ്കാരിക സംഘടന സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയിലാണ് താരം ബഷീറിനെ കുറിച്ച് സംസാരിച്ചത്. മരണ ശേഷവും എഴുതിക്കൊണ്ടിരിക്കുന്ന എഴുത്തുകാരനാണ് ബഷീറെന്ന് മമ്മൂട്ടി പറഞ്ഞു. മന്ത്രി പിഎ മുഹമ്മദ് റിയാസാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
കൂടാതെ, മതിലുകളിലെ ഒരു ഭാഗം മമ്മൂട്ടി വായിക്കുകയും ചെയ്തു.
മണ്മറഞ്ഞുപോയി 27 വര്‍ഷം കഴിഞ്ഞിട്ടും ഇന്നും ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന എഴുത്തുകാരന് ബഷീര്‍ തന്നെയാണ്. വൈക്കം എന്റെ കൂടെ ജന്മനാടാണ്. ഞാനും വൈക്കം മുഹമ്മദ് ബഷീറും അല്ലാതെ പ്രഗത്ഭരായ ഒരുപാട് വൈക്കത്തുകാരുണ്ട്. പേരിന്റെ കൂടെ വൈക്കം വെച്ചിട്ടില്ല.
എഴുത്തുകാരന് ആയിരുന്നെങ്കില്‍ ഞാന്‍ വൈക്കം മുഹമ്മദ്കുട്ടി ആയിരുന്നിരിക്കാം. എന്നാല്‍ നമ്മുടെ സാഹിത്യലോകത്തിന്റെ സൗഭാഗ്യം കൊണ്ട് അങ്ങനെയായില്ലെന്നും മമ്മൂട്ടി ചിരിയോടെ പറഞ്ഞു.
ഞാന്‍ എപ്പോഴും എന്നും വായനക്കാരനായിരുന്നു. ബാല്യകാലസഖിയിലെ മജീദായും മജീദിന്റെ ബാപ്പയായും ഞാന്‍ അഭിനയിച്ചു. അതിനുമുന്‍പ് മതിലുകളില്‍ ബഷീര്‍ ആയി തന്നെ അഭിനയിക്കാനും ഭാഗ്യം ലഭിച്ചു. മതിലുകള്‍ എന്ന സങ്കല്പ്പത്തിന് പിന്നില്‍, അല്ലെങ്കില്‍ തത്വചിന്ത തന്നെ അത്ഭുതകരമായി തോന്നും.
എല്ലാത്തിനെയും വേര്‍തിരിക്കുന്ന മതിലുകളുള്ള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആ കൃതിയുടെ പ്രസക്തി നമുക്ക് ബോധ്യപ്പെടും.
വീണ്ടും ബഷീറായി അഭിനയിക്കാനുള്ള ആഗ്രഹം മമ്മൂട്ടി പങ്കുവച്ചു- ‘ഈ സീനുകളൊക്കെ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഇത് വായിച്ചപ്പോള്‍ നടനെന്ന നിലയില്‍ വീണ്ടും അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായി’ എന്നാണ് മമ്മൂട്ടി പറഞ്ഞത്.
Discussion about this post