മലപ്പുറം: ആദിവാസി വിഭാഗത്തിൽ നിന്നും ആദ്യമായി ഐഎഎസ് കരസ്ഥമാക്കി കേരളത്തിന് അഭിമാനമായ ശ്രീധന്യ ഐഎഎസ് പെരിന്തൽമണ്ണ സബ് കളക്ടറായി ചുമതലയേറ്റു. ഇതോടൊപ്പം തന്നെ തിരൂർ സബ് കലക്ടറായി സൂരജ് ഷാജി ഐഎഎസും ചുമതലയേറ്റു.
ശ്രീധന്യ കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ഒരു വർഷം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് പെരിന്തൽമണ്ണ സബ് കലക്ടറാകുന്നത്. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. വയനാട് തരിയോട് നിർമല ഹൈസ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും കോഴിക്കോട് ദേവഗിരി കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടർന്നാണ് സിവിൽ സർവ്വീസെന്ന ലക്ഷ്യം കൈവരിച്ചത്. വയനാട് പൊഴുതന സ്വദേശി സുരേഷ് കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ.
സൂരജ് ഷാജി ഐഎഎസ് ഇടുക്കിയിൽ അസിസ്റ്റന്റ് കലക്ടറായി സേവനമനുഷ്ഠിച്ചതിന് ശേഷമാണ് തിരൂർ സബ് കലക്ടറായി ഔദ്യോഗിക പദവിയിൽ പ്രവേശിക്കുന്നത്. ഡൽഹിയിൽ പഠിച്ച് വളർന്ന സൂരജ് ഷാജി ഐഎഎസ് 2019 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്. 12ാം ക്ലാസ് വരെ ഡൽഹിയിലെ സർദാർ പട്ടേൽ വിദ്യാലയത്തിലായിരുന്നു പഠനം. ഡൽഹി യൂനിവേഴ്‌സിറ്റിയിൽ നിന്ന് ബിഎ എക്കണോമിക്‌സും ഡൽഹി ജവഹർലാൽ യൂനിവേഴ്‌സിറ്റിയിൽ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനും പൂർത്തിയാക്കി. ആലപ്പുഴം കായംകുളം സ്വദേശിയാണ്. ഡൽഹിയിലെ കേരള ഹൗസിൽ നിന്ന് കൺട്രോളറായി വിരമിച്ച കായംകുളം കൈപ്പള്ളി വീട്ടിൽ ഷാജിയാണ് പിതാവ്. മാതാവ് അനില. ഇരുവരും ചുമതല ഏറ്റെടുത്തതായി മലപ്പുറം ജില്ലാകളക്ടർ കെ ഗോപാലകൃഷ്ണൻ ഐഎഎസ് ആണ് അറിയിച്ചത്.