ചാത്തന്നൂർ: കൊല്ലം കല്ലുവാതുക്കൽ ഊഴായ്‌ക്കോട്ട് കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന രേഷ്മയെ കസ്റ്റഡിയിലെടുക്കാൻ വൈകിയേക്കും. ഇതേതുടർന്ന് കസ്റ്റഡിയിലെടുക്കാതെ ജയിലിൽ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. കഴിഞ്ഞ ജനുവരി അഞ്ചിന് നടന്ന സംഭവത്തിൽ ഡിഎൻഎ തെളിവുകളുടെ അടിസ്ഥാനത്തിൽ ജൂൺ 22നാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്.
കോവിഡ് പരിശോധനയിൽ പോസീറ്റീവായതോടെ ഓൺലൈനായി മജിസ്‌ട്രേറ്റിനുമുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. 14 ദിവസത്തെ റിമാൻഡ് കാലാവധി അവസാനിക്കാനിരിക്കെ, റിമാൻഡ് നീട്ടുന്നതിനുള്ള അപേക്ഷ പോലീസ് കോടതിയിൽ സമർപ്പിക്കും.
കോവിഡ് നെഗറ്റീവാകുന്നതുവരെയുള്ള 10 ദിവസവും റിവേഴ്‌സ് ക്വാറന്റീനായി ഏഴുദിവസവും ഉൾപ്പെടെ 17 ദിവസത്തിനുശേഷമേ കസ്റ്റഡിയിൽ വാങ്ങാനാകൂ. 17 ദിവസം കഴിയുന്ന മുറയ്ക്ക് കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ നൽകുമെന്നാണ് സൂചന. വ്യാജ ഐഡി ഉണ്ടാക്കി രേഷ്മയുടെ ‘കാമുകനായി’ ചാറ്റ് ചെയ്തിരുന്നത് ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത, രേഷ്മയുടെ ബന്ധുക്കൾകൂടിയായ ആര്യയും ഗ്രീഷ്മയും ആയിരുന്നെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസ് അന്വേഷിക്കുന്നത് ചാത്തന്നൂർ അസി. പോലീസ് കമ്മിഷണർ വൈ നിസാമുദ്ദീന്റെ നേതൃത്വത്തിലാണ്.
സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിനെത്തുടർന്ന് എസിപി കഴിഞ്ഞദിവസം അന്വേഷണ നേതൃത്വത്തിൽനിന്ന് മാറി. പാരിപ്പള്ളി എസ്എച്ച്ഒ ടി സതികുമാറിനും സ്ഥലംമാറ്റമായെങ്കിലും കേസന്വേഷണം പൂർത്തിയാകുംവരെ തുടരാൻ നിർദേശം ലഭിച്ചെന്നാണ് വിവരം.