ദുബായ്: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇത്തവണയും ഭാഗ്യം നിന്നത് മലയാളിക്കൊപ്പം. ദുബായിയില്‍ ഡ്രൈവറായ മലയാളിക്കും 9 സുഹൃത്തുക്കള്‍ക്കും കൂടി 40 കോടി രൂപയാണ് കൈവന്നത്. കൊല്ലം സ്വദേശി രഞ്ജിത് സോമരാജന്റെ പേരിലെടുത്ത ടിക്കറ്റാണ് ഭാഗ്യം കടാക്ഷിച്ചത്. ദുബായിയിലെ ഒരു ഹോട്ടലിന്റെ വാലെ പാര്‍ക്കിങ്ങില്‍ ജോലി ചെയ്യുന്ന ഇന്ത്യ, പാകിസ്താന്, നേപ്പാള്‍, ബംഗ്ലാദേശ് സ്വദേശികളായ ഒന്‍പത് പേരാണ് രഞ്ജിതിന്റെ സഹ ഭാഗ്യവാന്മാര്. ഓരോരുത്തരും 100 ദിര്‍ഹം പങ്കിട്ടായിരുന്നു ജൂണ്‍ 29ന് ടിക്കറ്റ് വാങ്ങിച്ചത്.
കഴിഞ്ഞ മൂന്നു വര്‍ഷം തുടര്‍ച്ചയായി കൂട്ടുകാരോടൊപ്പം ചേര്‍ന്ന് ടിക്കറ്റെടുക്കുന്ന ഇദ്ദേഹം ഒടുവില്‍ കോടികള്‍ തന്നെ തേടി വന്നതില്‍ ഏറെ സന്തോഷവാനാണ്. ഭാര്യ സഞ്ജീവനി പെരേര, മകന് നിരഞ്ജന് എന്നിവരോടൊപ്പം ഹത്തയില്‍ നിന്ന് റാസല്‍ഖൈമയിലെത്തിയപ്പോഴാണ് സമ്മാന വിവരം അറിഞ്ഞത്. പച്ചക്കറി വാങ്ങാന്‍ വേണ്ടി ഒരു പള്ളിയുടെ അരികില്‍ വാഹനം നിര്‍ത്തിയിരുന്നു.
8 വയസുകാരനായ മകന് തത്സമയം നറുക്കെടുപ്പ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഒന്നും രണ്ടും സമ്മാനമായ യഥാക്രമം 30, 10 ലക്ഷം ദിര്‍ഹം പ്രഖ്യാപിച്ചു. തനിക്ക് ഇപ്രാവശ്യവും ഇല്ലല്ലോ എന്നോര്‍ത്ത് പള്ളിക്ക് നേരെ നിന്ന് പ്രാര്‍ഥിച്ചപ്പോഴാണ് തന്റെ നമ്പര്‍ (349886) ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചതെന്ന് 37കാരനായ രഞ്ജിത് പറയുന്നു.
2008 മുതല്‍ ദുബായ് ടാക്സിക്ക് കീഴില്‍ വിവിധ കമ്പനികളില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശമ്പളം കുറച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം ഡ്രൈവര്‍ ജോലിയോടൊപ്പം സെയില്‍സുമാനുമായി. അടുത്തിടെ മറ്റൊരു കമ്പനിയില്‍ ഡ്രൈവര്പിആര്ഒ ആയി ജോലി ലഭിച്ചു. 3,500 ദിര്‍ഹമാണ് ശമ്പളം. ഭാര്യ ഹോട്ടലില്‍ ജോലി ചെയ്യുന്നതുകൊണ്ടായിരുന്നു കുടുംബം സാമ്പത്തിക പ്രശ്നങ്ങളില്ലാതെ കടന്നുപോയത്. സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുക എന്നതാണ് ഇവരുടെ സ്വപ്നം.
Discussion about this post