തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറി കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരേ വിജിലൻസ് അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് ഇപ്പോൾ പ്രാഥമികാന്വേഷണം ആരംഭിച്ചിരിക്കുന്നത്.
വിജിലൻസ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും പഴയകാല സംഭവങ്ങൾ പരാമർശിച്ച് വാഗ്വാദം നടത്തിയതിന് പിന്നാലെ കെ സുധാകരനെതിരെ പല ആരോപണങ്ങളും ഉയർന്നുവന്നിരുന്നു. ഇത്തരത്തിൽ സുധാകരന്റെ മുൻഡ്രൈവറായിരുന്ന പ്രശാന്ത് അദ്ദേഹത്തിനെതിരേ സാമ്പത്തിക ക്രമക്കേടുകൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് നടപടി. പ്രശാന്ത് ബാബു തന്നെ വിജിലൻസിന് പരാതിയും നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഇപ്പോൾ പ്രാഥമികമായ അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
കെ കരുണാകരൻ ട്രസ്റ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്നും കണ്ണൂർ ഡിസിസി ഓഫീസിന്റെ നിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറികൾ നടത്തിയെന്നാണ് മാധ്യമങ്ങളിലൂടെ പ്രശാന്ത് ബാബു ആരോപിച്ചത്. പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ കേസെടുത്ത് തുടർ അന്വേഷണത്തിലേക്ക് പോകുമെന്ന് വിജിലൻസ് അറിയിച്ചു.
Discussion about this post