പോത്തുവളർത്തൽ, മീൻവിൽപ്പന, പാട്ടും പഠനവും പഠിപ്പിക്കലും; സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് അനുകരിക്കാം അഞ്ജനയെ; ഈ 22കാരി കൈവെയ്ക്കാത്ത മേഖലകളില്ല

ചേർത്തല: കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് മുന്നിൽ തലയുയർത്തി തന്നെ അതിജീവനത്തിന്റെ മാതൃക തീർക്കുകയാണ് അഞ്ജന എന്ന ഈ പെൺകുട്ടി. നന്നായി പഠിക്കുകയും ഒപ്പം മറ്റ് കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്ന അഞ്ജന വരുമാനത്തിനായി പോത്ത് വളർത്തലും മീൻ വിൽപ്പനയും ചായക്കടയിലെ കണക്കെഴുത്തും അഭിനയവും പാട്ടും എല്ലാം മുന്നോട്ട് കൊണ്ടുപോയാണ് കുടുംബം പോറ്റുന്നതും ഒപ്പം പഠനച്ചെലവ് കണ്ടെത്തുന്നതും.

ചേർത്തല നഗരസഭ ഒൻപതാം വാർഡ് പഴയാട്ടുനികർത്തിൽ സുരേന്ദ്രന്റെയും ഉഷയുടെയും മകളാണ് അഞ്ജന. നാഗ്പുർ സർവകലാശാലയിൽ കായികാധ്യാപക ബിരുദാനന്തര ബിരുദപഠനം നടത്തുന്ന ഈ പെൺകുട്ടിയുടെ അച്ഛൻ സുഖമില്ലാതിരിക്കുകയാണ്. ചേച്ചി വിവാഹിതയാണ്. അമ്മ കൂലിവേലയ്ക്ക് പോകുന്നുണ്ടെങ്കിലും അഞ്ജനയ്ക്ക് പഠനത്തിനായുള്ള ചെലവും മറ്റും സ്വന്തമായി കണ്ടെത്തേണ്ടതുണ്ട്. അമ്പലപ്പുഴ ഗവ. കോളേജിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദംനേടിയ ശേഷമാണ് ഈ പെൺകുട്ടി കായികാധ്യാപക കോഴ്‌സിലേക്കു തിരിഞ്ഞത്.

അതിരാവിലെ വീട്ടിൽ വളർത്തുന്ന പോത്തിനെയും പശുവിനെയും പരിപാലിച്ചാണു അഞ്ജനയുടെ തുടക്കം. എട്ടുമണിക്കു നഗരത്തിലുള്ള ഫിഷ് സ്റ്റാളിൽ എത്തും. ഉച്ചയ്ക്കു രണ്ടുവരെ വീടുകളിൽ മീനെത്തിക്കുന്ന ജോലി. രണ്ടുമണിക്കുശേഷം ഫിഷ് സ്റ്റാളിനോടു ചേർന്നുള്ള ചായവിൽപ്പനശാലയുടെ കൗണ്ടർ ചുമതല. ഇതിനിടയിലാണുപഠനം. മീൻ വിൽപ്പനയിലേക്കു കടന്നിട്ട് മാസങ്ങളായിട്ടേയുള്ളൂ. ഇതിനിടെ നാടൻപാട്ടുമുണ്ട്.

കോവിഡ് കാലത്തിനുമുൻപ് സ്റ്റേജ് ഷോകളിൽ സജീവമായിരുന്നു അഞ്ജന. നാടൻപാട്ടായിരുന്നു അഞ്ജനയുടെ പ്രധാന മികവ്. ചന്തിരൂർ മായയെന്ന നാടൻകലാരൂപ സംഘടനയിലെ പ്രധാനികളിലൊരാളാണ്. എട്ടുവർഷമായി വിവിധ സ്‌കൂളുകളിൽ നാടൻപാട്ട് പഠിപ്പിക്കലും അഞ്ജനയും സംഘവുമാണ് ചെയ്യുന്നത്. കുരുത്തോലകൊണ്ടുള്ള രൂപങ്ങളൊരുക്കി വേദികൾ അലങ്കരിക്കാനുള്ള മികവുകാട്ടുന്ന അഞ്ജനയ്ക്ക് അന്ന് അതും ഒരുവരുമാനമാർഗമായിരുന്നു. സ്‌കൂളിലും കോളേജിലും പഠിക്കുമ്പോഴാണു നാടകങ്ങളിൽ മികവുകാട്ടിയത്.

ഈ വരുമാനങ്ങളെ തുടർന്ന് ഇരുചക്രവാഹനം വാങ്ങിയെങ്കിലും കോവിഡ് കാലത്ത് പ്രതിസന്ധി കാരണം അടവുകൾ മുടങ്ങി. ഇതോടെയാണ് എന്തുജോലിയും ചെയ്യാൻ തയ്യാറായത്. താൻ പഠിപ്പിക്കുന്ന കുട്ടികളുടെ വീട്ടിലും മീനുമായെത്താൻ അഞ്ജനക്കു ഒരു ബുദ്ധിമുട്ടുമില്ല. തൊഴിലെടുക്കുന്നതിൽ അന്തസ്സേയുള്ളൂവെന്ന് ഈ പെൺകുട്ടി പറയുന്നു.

Exit mobile version