കോഴിക്കോട്: രാമനാട്ടുകര- വെങ്ങളം ബൈപ്പാസിന്റെ വീതി കൂട്ടല്‍ അറ്റകുറ്റപ്പണി വൈകുന്ന സാഹചര്യത്തില്‍ കരാര്‍ കമ്പനിക്കാരോട് പൊട്ടിത്തെറിച്ച് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബൈപാസിന്റെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കമ്പനി അധികൃതരോട് മന്ത്രി രോഷാകുലനായത്.
അറ്റകുറ്റപ്പണി മുടങ്ങിക്കിടക്കുന്നതിനാല്‍ കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ അപകടം വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ട്. വിഷയത്തില്‍ നിയമ നടപടിയിലേക്ക് കടക്കുമെന്നും വിഷയത്തില്‍ ഉടനടി വിശദീകരണം നല്‍കണമെന്നും കരാറുകാര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. കൃത്യമായ മറുപടി ലഭിക്കാത്ത പക്ഷം കരാര്‍ റദ്ദാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി.
പണിമുടങ്ങി കിടക്കുന്നതിനാല്‍ റോഡിലെ കുഴികളിലും മറ്റും വീണ് നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ബൈപാസിന്റെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്ന ഉറപ്പിന്മേല് 2018 ഏപ്രിലിലാണ് കരാര്‍ നല്‍കുന്നത്. യോഗത്തില്‍ കമ്പനി അധികൃതരോട് രൂക്ഷമായ ഭാഷയിലാണ് മന്ത്രി പ്രതികരിച്ചത്.
കരാറുമായി ബന്ധപ്പെട്ട പ്രശ്നം കാരണം റോഡിലെ കുണ്ടും കുഴിയും അടക്കുന്ന പ്രവര്‍ത്തനം നടത്താതിരിക്കുന്നത് ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് ഉന്നതതല യോഗത്തില്‍ തീരുമാനമായി. റോഡില്‍ നിലവിലുളള കുഴിയടക്കാന്‍ 28 തവണ കത്തയച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
അടിയന്തരമായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശം നല്കി.
മുറിച്ചുമാറ്റേണ്ട മരങ്ങള്‍ അടിയന്തരമായി മുറിക്കാനും നിര്‍ദ്ദേശം നല്കി. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കാന്‍ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരെ അടക്കം പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് യോഗം ചേരും.
മന്ത്രിമാരായ എകെ ശശീന്ദ്രന്, അഹമ്മദ് ദേവര്‍ കോവില്‍, മേയര്‍ ബീന ഫിലിപ്പ്, എം കെ രാഘവന് എംപി, എംവി ശ്രേയാംസ് കുമാര്‍ എംപി, എംഎല്‍എമാരായ പിടിഎ റഹീം, തോട്ടത്തില്‍ രവീന്ദ്രന്, കാനത്തില്‍ ജമീല, കളക്ടര്‍ ശ്രീറാം സാംബശിവറാവു, ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post