കൊച്ചി: വീഡിയോ വ്‌ലോഗര്‍ സുജിത് ഭക്തന്‍ സംരക്ഷിത വനമേഖലയില്‍ നിന്ന് ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയത് അനുമതി ഇല്ലാതെയാണെന്ന് വനംവകുപ്പിന്റെ റിപ്പോര്‍ട്ട്.
സുജിത് സന്ദര്‍ശിച്ച ഇടമലക്കുടി സംരക്ഷിത വനമേഖല അല്ലെന്നും സംരക്ഷിത വനമേഖലയായ ഇരവികുളം ഉദ്യാനത്തില്‍ നിന്ന് അദ്ദേഹം ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും മൂന്നാര്‍ റേഞ്ച് ഓഫീസര്‍ എസ് ഹരീന്ദ്രകുമാര്‍, ഡിഎഫ്ഒ പി ആര്‍ സുരേഷിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡീന്‍ കുര്യാക്കോസ് എംപിയുടെ ഒപ്പം സുജിത് പോയതിനാല്‍ പ്രത്യേകം പരിശോധന നടത്തിയില്ലെന്നും നടപടികളൊന്നും ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ഹരീന്ദ്രകുമാര്‍ പറഞ്ഞു. ലോക്ഡൗണ്‍ ദിവസമായ ഞായറാഴ്ചയാണ് ഡീന്‍ കുര്യാക്കോസ് എംപിക്കൊപ്പം സുജിത് ഭക്തന്‍ ഇടമലക്കുടിയില്‍ എത്തിയത്.
ഒന്നരവര്‍ഷമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. വനമേഖലയില്‍നിന്നുള്ള ദൃശ്യങ്ങള്‍ സുജിത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വിവാദമായത്.
കോവിഡ് മാനദണ്ഡം പാലിക്കാതെ ഇടമലക്കുടി പോലെ അതീവ പ്രാധാന്യമുള്ള പ്രദേശത്തേക്ക് എംപി ഉല്ലാസയാത്ര നടത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഇടുക്കി എംപിക്കും സുജിത് ഭക്തനും എതിരെ നടപടി ആവശ്യപ്പെട്ട് എഐഎസ്എഫ് പോലീസിലും പരാതി നല്‍കിയിരുന്നു. മാസ്‌ക് ധരിക്കാതെ എംപി ഡീന്‍ കുര്യാക്കോസും സംഘവും സുജിത് ഭക്തനൊപ്പം ഇടമലക്കുടിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഡീന്‍ കുര്യാക്കോസിനൊപ്പം ഇടമലക്കുടിയില്‍ നടത്തിയ യാത്ര വിവാദമായ പശ്ചാത്തലത്തില്‍ സുജിത്ത് ഭക്തന്‍ കഴിഞ്ഞ ദിവസം പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. സ്ഥലം എംപി വിളിച്ചിട്ടാണ് താന്‍ ഇടമലക്കുടിയിലെത്തിയതെന്നും താന്‍ ഇടമലക്കുടി നിവാസികളുടെ പ്രശ്നങ്ങള്‍ പകര്‍ത്തിയതിനാലാണ് അത് ജനമറിഞ്ഞതെന്നും സുജിത്ത് ഭക്തന്‍ പറഞ്ഞു.
വിമര്‍ശിക്കുന്നവര്‍ ഈ സ്ഥലം പോയി കണ്ടിട്ടുണ്ടോ എന്നും അവിടെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍പഠനത്തിന് സൗകര്യമൊരുക്കാന്‍ സഹായിച്ചതാണോ തങ്ങള്‍ ചെയ്ത തെറ്റെന്നും സുജിത്ത് ഭക്തന്‍ ചോദിച്ചു. വിഷയത്തില്‍ എന്ത് നിയമനടപടി വന്നാലും നേരിടാന്‍ താന്‍ തയ്യാറാണെന്നും സുജിത്ത് ഭക്തന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
Discussion about this post