കൊച്ചി: കൊച്ചിയില്‍ മയക്കുമരുന്നുമായി അറസ്റ്റിലായ സീരിയല്‍ നടി അശ്വതി ബാബു ലഹരി മരുന്ന് കൈമാറിയിരുന്നത് കൊച്ചി നഗരത്തിലെ ബേക്കറികളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണെന്ന് അന്വേഷണ സംഘം. ബാംഗ്ലൂരിലുളള ഇടുക്കി സ്വദേശിയാണ് ഇവര്‍ക്ക് മയക്കുമരുന്ന് കൈമാറിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകാരുമായി മൊബൈല്‍ഫോണില്‍ നടത്തിയ സംഭാഷണങ്ങളും പോലീസിന് ലഭിച്ചു.
അശ്വതി ബാബുവിന്റെ ഡ്രൈവറായ കോട്ടയം സ്വദേശി ബിനോയാണ് ബംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് കൊച്ചിയില്‍ എത്തിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
മയക്കുമരുന്ന് ഉപയോഗിക്കുകയും അതോടൊപ്പം വിതരണം ചെയ്യുകയും ചെയ്തിരുന്ന അശ്വതി വാട്സ്ആപ്പ് ശബ്ദസന്ദേശങ്ങളിലൂടെയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഇവരുടെ സ്ഥിരം ഉപഭോക്താക്കള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. മരുന്ന് വാങ്ങാന്‍ പോകും മുമ്പ് ഇക്കാര്യമറിയിച്ച് ഈ ഗ്രൂപ്പില്‍ സന്ദേശമയയ്ക്കും. ആവശ്യക്കാര്‍ തന്റെ അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിക്കാനും ആവശ്യപ്പെടും.
കൊച്ചിയിലെത്തിക്കുന്ന മരുന്ന് ചെറു പായ്ക്കറ്റുകളാക്കി ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ നഗരത്തിലെ മുന്തിയ ബേക്കറികളിലും ഹോട്ടലുകളിലും വച്ച് ആവശ്യക്കാര്‍ക്ക് കൈമാറുകയാണ് ചെയ്തിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.
സീരിയല്‍ നടിയെന്ന താര പരിവേഷമുളളതിനാല്‍ അതുമറയാക്കി മുന്തിയ ബേക്കറികളിലേയ്ക്ക് ഇടപാടുകാരെ വരുത്തി സാധനം കൈമാറുകയായിരുന്നു പതിവ്. ഇടപാടുകാര്‍ക്കയച്ച ശബ്ദസന്ദേശങ്ങളെല്ലാം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളളവര്‍ ഇവരുടെ കുരുക്കില്‍ വീണിട്ടുണ്ടന്നാണ് സംശയിക്കുന്നത്. മൊബൈല്‍ഫോണ്‍ പിടികൂടാനായതോടെ ഇടപാടുകാരെയെല്ലാം കണ്ടെത്താന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ
കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നാണ് അശ്വതി ബാബുവിനെയും ഡ്രൈവര്‍ ബിനോയെയും തൃക്കാക്കര പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. നിരോധിത ലഹരിമരുന്നായ എംഡിഎംഎയും ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. നടിയുടെ ഫ്‌ളാറ്റില്‍ അതീവരഹസ്യമായി ലഹരിമരുന്ന് ഉപയോഗവും മയക്കുമരുന്ന് പാര്‍ട്ടികളും നടക്കുന്നുണ്ടെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടിയും സഹായിയും പിടിയിലായത്.