കോഴിക്കോട്: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. ചൊവ്വാഴ്ച രാവിലെ പത്തിന് തൃശൂര്‍ പോലീസ് ക്ലബില്‍ ഹാജരാകാനാണ് നിര്‍ദേശം.
പോലീസ് കെ സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിലെത്തി നോട്ടീസ് നല്‍കി. കൊടകര കുഴല്‍പ്പണ കേസില്‍ സുരേന്ദ്രനെ ചോദ്യം ചെയ്തേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ വന്നിരുന്നു.
കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാകേണ്ടതില്ലെന്നാണ് ബിജെപി നേതൃത്വം എടുത്തിരിക്കുന്ന നിലപാട്. ഈ സാഹചര്യത്തില്‍ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന് വ്യക്തതയില്ല.
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപിക്കുവേണ്ടി എത്തിച്ച മൂന്നരക്കോടി രൂപ കവര്‍ച്ച ചെയ്യപ്പെട്ട കേസിലാണ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.