പത്തനംതിട്ട: ജവാന്‍ റം നിര്‍മ്മിക്കുന്ന തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേര്‍സ് ആന്റ് കെമിക്കല്‍സ് ഫാക്ടറിയില്‍ ഉല്‍പ്പാദനം നിര്‍ത്തിവെച്ചു. സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്പിരിറ്റ് തട്ടിപ്പില്‍ പ്രതികളായതിനെ തുടര്‍ന്നാണ് നടപടി.
സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. കഴിഞ്ഞദിവസം ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ റം നിര്‍മാണശാലയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റിന്റെ അളവില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.
20,000 ലിറ്റര്‍ സ്പിരിറ്റ് മറിച്ചു വിറ്റെന്നായിരുന്നു എക്‌സൈസ് എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തല്‍. സ്ഥാപനത്തിന്റെ ജനറല്‍ മാനേജരടക്കം ഏഴുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഒരു ജീവനക്കാരനടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആറ് മാസത്തേക്കാണ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് സ്പിരിറ്റ് എത്തിക്കാനുള്ള കരാര്‍ സ്വകാര്യ ഏജന്‍സിക്ക് നല്‍കുന്നത്. കരാര്‍ ഏറ്റെടുത്തത് എറണാകുളത്തെ കേറ്റ് എഞ്ചിനിയറിങ്ങ് എന്ന സ്ഥാപനം. ആറ് മാസം കൊണ്ട് 36 ലക്ഷം ലിറ്റര്‍ സ്പിരിറ്റ് എത്തിക്കാനായിരുന്നു കരാര്‍. ഈ കാലയളവിലാണ് സ്പിരിറ്റ് മറിച്ച് വിറ്റത്.
നാല് തവണയായി രണ്ട് ടാങ്കര്‍ ലോറികളിലെ എട്ട് ലോഡ് സ്പിരിറ്റില്‍ നിന്നാണ് വില്‍പ്പന നടത്തിയത്. ഇങ്ങനെ സ്പിരിറ്റ് വിറ്റ ഇനത്തില്‍ 25 ലക്ഷം രൂപയാണ് ഡ്രൈവര്‍മാരായ നന്ദകുമാറും സിജോ തോമസും സ്ഥാപനത്തിന്റെ വെയര്‍ ഹൗസ് മാനേജറായ അരുണ്‍ കുമാറിന് എത്തിച്ച് നല്‍കിയത്. ഡ്രൈവര്‍മാര്‍ ഈ വിവരം പോലീസിനോട് സമ്മതിച്ചു.
40,000 ലിറ്റര്‍ വീതം സ്പിരിറ്റുമായെത്തിയ രണ്ടു ടാങ്കറുകളിലെ സ്പിരിറ്റാണ് ജീവനക്കാരുടെ ഒത്താശയോടെ മോഷ്ടിച്ച് വിറ്റത്. ലിറ്ററിന് 50 രൂപ എന്ന നിരക്കില്‍ കേരളത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ സ്പിരിറ്റ് വിറ്റതായാണ് വിവരം. പിടിച്ചെടുത്ത ടാങ്കര്‍ ലോറിയില്‍ നിന്ന് 10 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
ഒരു ടാങ്കറില്‍ നിന്ന് 12,000 ലിറ്റര്‍ സ്പിരിറ്റും ഒരു ടാങ്കറില്‍ നിന്ന് 8000 ലിറ്റര്‍ സ്പിരിറ്റുമാണ് കാണാതായത്. ഫാക്ടറിയിലെ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന ജീവനക്കാരനാണ് അരുണ്‍ കുമാര്‍. ഇയാള്‍ക്ക് നല്‍കാനുള്ളതാണ് പിടിച്ചെടുത്ത രൂപയെന്നാണ് ടാങ്കര്‍ ഡ്രൈവര്‍മാര്‍ നല്‍കിയ മൊഴി.
Discussion about this post