കൊല്ലം: പണം കവരാനായി ബന്ധുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ന്യൂനപക്ഷമോർച്ച നേതാവടക്കം നാല് ബിജെപി പ്രവർത്തകർ കൊല്ലത്ത് അറസ്റ്റിൽ. ന്യൂനപക്ഷമോർച്ച കൊല്ലം ജില്ലാ സെക്രട്ടറി മിയ്യന പെരുപുറം വയലിൽവീട്ടിൽ എം സലിം ഉൾപ്പടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.
സലിമിന്റെ ബന്ധുകൂടിയായ വട്ടപ്പാറ അജ്സൽ മൻസിലിൽ അജ്സൽ അയൂബിനെയാണ് തട്ടിക്കൊണ്ടുപോകാൻ സംഘം പദ്ധതിയിട്ടത്. 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ വീടിന് മുന്നിൽ നിന്നും അജ്സലിനെ തട്ടിക്കൊണ്ടുപോകുന്നതിനിടെ കാറിന്റെ ഡോർ തുറന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
കേസിൽ എം സലിമിന് പുറമെ ബിജെപി പ്രവർത്തകരായ കുളത്തൂപ്പുഴ ആർപിഎൽ പ്ലാന്റേഷൻ ക്വാർട്ടേഴ്സിൽ സലിം, പോൾ ആന്റണി, കുളത്തൂപ്പുഴ സ്വദേശി രാഹുൽ എന്നിവരെയും കൊല്ലം പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർത്ഥിയായിരുന്ന വിവി രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെയാണ് പ്രതികൾ തമ്മിൽ പരിചയത്തിലാവുന്നതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് സലിം അജ്സലിനെ തട്ടിക്കൊണ്ടുപോകാനായി പ്രതികൾക്ക് ക്വട്ടേഷൻ നൽകുകയായിരുന്നെന്നും പോലീസ് കണ്ടെത്തി.
Discussion about this post