കാട്ടാക്കട: സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാതെ വർഷങ്ങളായി കഷ്ടപ്പാടിലായിരുന്നു ഹർഷാദ് മുഹമ്മദ് എന്ന ഈ ചെറുപ്പക്കാരൻ. ഒടുവിൽ ജോലിയിൽ സ്ഥിരം നിയമനം ലഭിച്ച് എല്ലാം ശരിയാകുമെന്ന പ്രതീക്ഷ പൊട്ടിമുളയ്ക്കവെയാണ് ദാരുണമരണം തേടിയെത്തിയത്. തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് അമ്പൂരി കൂട്ടപ്പൂ പ്ലാവിള വീട്ടിൽ ഹർഷാദ് മുഹമ്മദ്(44) മരണത്തിന് കീഴടങ്ങിയതോടെ വിധിക്ക് മുന്നിൽ പകച്ചുനിൽക്കുകയാണ് ഭാര്യ ഷീജയും ഏഴാംക്ലാസുകരാൻ മകനും. മൃഗശാലയിൽ കീപ്പർ ആയി ജോലിചെയ്യുന്ന ഹർഷാദ് രാജവെമ്പാലയുടെ കൂട് വൃത്തിയാകുന്നതിനിടയിലാണ് കടിയേൽകുന്നത്. കേരളത്തിൽ ആദ്യമായിയാണ് രാജവെമ്പാലയുടെ കടിയേറ്റ് മരണം രേഖപ്പെടുത്തുന്നത്.
ഹർഷാദ് കുടുംബത്തിന് സ്വന്തമായി ഒരു കിടപ്പാടമൊരുക്കാനാകാതെയാണ് വിട പറഞ്ഞത്. കാട്ടാക്കട മാർക്കറ്റ് റോഡിൽ ചെക്കിട്ടവിളാകത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഭാര്യയും ഏക മകൻ അബിൻ ഹർഷാദും. സാമ്പത്തികമായി വളരെ പിന്നാക്കമുള്ള കുടുംബം അമ്പൂരി കൂട്ടപ്പൂവിൽ നിന്നും ഏതാനും വർഷംമുമ്പാണ് കിള്ളി മേച്ചിറയിൽ താമസമാക്കിയത്. അവിടെ നിന്നാണ് കാട്ടാക്കട ചന്ത റോഡിൽ താമസത്തിന് എത്തിയത്. എല്ലായിടത്തും വാടകയ്ക്കായിരുന്നു താമസം.
13 വർഷത്തോളമായി മൃഗശാലയിൽ വന്യജീവികൾക്കൊപ്പമായിരുന്നു ഹർഷാദിന്റെ ജീവിതം. ഇത്രനാളും ജോലി ചെയ്തിട്ടും ജോലി സ്ഥിരമാകാതെ വന്നതോടെ നിരാശനായി മൂന്നുവർഷം മുമ്പ് പാമ്പിൻകൂട്ടിൽ കയറി ഹർഷാദ് പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് മൃഗശാലാ വകുപ്പിൽ ‘അനിമൽ കീപ്പറാ’യി അധികൃതർ ജോലി സ്ഥിരപ്പെടുത്തി നൽകിയത്.
കാട്ടാക്കട ആമച്ചലാണ് ഹർഷാദിന്റെ സ്വദേശം. പിതാവ് അബ്ദുൽ സലാമിന് സർക്കസുമായുള്ള ബന്ധമാണ് ഹർഷാദിന്റെ വന്യജീവികളുമായി അടുപ്പിച്ചത്. പിന്നീട് ജീവിതമാർഗവും അതായി. പാമ്പുപിടിത്തത്തിൽ പ്രശസ്തനായ വാവാ സുരേഷിന്റെ അടുത്ത സുഹൃത്താണ് ഹർഷാദ്. മന്ത്രി ചിഞ്ചുറാണി, എംഎൽഎമാരായ ജി സ്റ്റീഫൻ, ഐ ബി സതീഷ് തുടങ്ങി നിരവധിപേർ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. മൃഗശാലാ ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുടുംബത്തിന് അർഹമായ സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.
Discussion about this post