കടയ്ക്കാവൂർ പോലീസും ഭർത്താവും ചേർന്നാണ് കേസ് കെട്ടിച്ചമച്ചത്; മകനെ വിട്ടുകൊടുത്താൽ കേസ് പിൻവലിക്കാമെന്ന് പറഞ്ഞു; കുഞ്ഞിനെ പീഡിപ്പിച്ചെന്ന വ്യാജപരാതി നേരിട്ട അമ്മ

തിരുവനന്തപുരം: കടയ്ക്കാവൂർ പോലീസിന് എതിരെ ഗുരുതര ആരോപണവുമായി മകനെ പീഡിപ്പിച്ചെന്ന വ്യാജ ആരോപണം നേരിട്ട അമ്മ. മകനെ പീഡിപ്പിച്ചെന്ന പരാതി ഭർത്താവും കടയ്ക്കാവൂർ പോലീസും കെട്ടിച്ചമച്ചതാണെന്നും ഉറവിടത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അമ്മ ആവശ്യപ്പെട്ടു. കുഞ്ഞിനെ തെറ്റുകാരനാക്കുകയാണ്. പിന്നിൽ പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരുന്നില്ലെന്ന് അവർ പറഞ്ഞു. കൂടുതൽ കേസുകൾ ചുമത്തുമെന്ന ഭീഷണി ഇപ്പോഴുമുണ്ടെന്നും അവർ ആരോപിച്ചു.

കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ നിന്നും മോശം പെരുമാറ്റം നേരിട്ടു. കേസ് ഭർത്താവും പോലീസും ചേർന്ന് കെട്ടിച്ചമച്ചതാണ്. മകനെ വിട്ടുകിട്ടാനാണ് കള്ളക്കേസ് ഉണ്ടാക്കിയത്. കുട്ടിയെ കൊടുത്താൽ കേസ് പിൻവലിക്കാമെന്ന് എസ്‌ഐ പറഞ്ഞിരുന്നു.

അതേസമയം, കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ ആരോപണം സാധൂകരിക്കാൻ തെളിവുകളില്ലെന്ന് പോലീസ് പറഞ്ഞു. സാക്ഷിമൊഴികളിലും മെഡിക്കൽ റിപ്പോർട്ടിലും പീഡനം നടന്നതിന് തെളിവില്ല. കുട്ടിയുടെ മൊഴിമാത്രം കണക്കാക്കി കുറ്റകൃത്യം നടന്നെന്ന് ഉറപ്പിക്കാനാകില്ലെന്നും പോലീസ് പറഞ്ഞു. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോക്‌സോ കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

Exit mobile version