തിരുവനന്തപുരം: ബന്ധുനിയമന വിവാദം ഉയര്‍ത്തി മന്ത്രി കെടി ജലീലിനെ പൊതുചടങ്ങുകളില്‍ നിന്നും ബഹിഷ്കരിക്കുന്ന മുസ്ലിം ലീഗിന്റെ പ്രവര്‍ത്തി ജനങ്ങളുടെ കണ്ണില്‍പൊടിയിടല്‍ മാത്രം എന്ന് സോഷ്യൽ മീഡിയ
മന്ത്രിക്കെതിരെ നാട്ടില്‍ കരിങ്കൊടി വീശലും മന്ത്രിയുമായി സഹകരിക്കുന്നവരെ പുറത്താക്കലും ശാസിക്കലും തകൃതിയായി ചെയ്യുമ്പോഴും ആവശ്യങ്ങള്‍ നേടിയെടുക്കാനായി മന്ത്രിയുടെ മുന്നിലേക്ക് നിവേദനവുമായി എത്തുന്ന ലീഗുകാരുടെ എണ്ണത്തില്‍ ഒരു കുറവുമില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം മന്ത്രിയെ കാണാനും നിവേദനം നല്കാനുമായെത്തിയ മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് മൊയ്തീന് കുട്ടി മാസ്റ്റര്‍ തന്നെ ഒരു ഉദാഹരണം.
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ മുസ്ലിം ലീഗിന്റെ പ്രസിഡന്റാണ് മൊയ്തീന്‍കുട്ടി മാസ്റ്റര്‍. മന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിച്ച പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടികളൊന്നുമില്ലേ എന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ ലീഗിനെ ട്രോളി ചോദിക്കുന്നത്
കഴിഞ്ഞദിവസം പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് മിഥുന, മന്ത്രിയുമായി വേദി പങ്കിട്ടതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തായിരിക്കുകയാണ്. കേരളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാണ് മിഥുന. കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനത്തിനായെത്തിയ മന്ത്രിയുടെ കൂടെ വേദി പങ്കിട്ടത് സ്ഥാനം തെറിക്കാന്‍ മാത്രം വലിയ പാതകമായാണ് ലീഗ് നേതൃത്വം വിലയിരുത്തിയിരിക്കുന്നത്. പരിപാടി ബഹിഷ്കരിക്കണമെന്ന് മിഥുനയോട് നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ വീഴ്ച വരുത്തിയതിനാണ് പാര്‍ട്ടിയുടെ നടപടി.
കൂടാതെ മന്ത്രി കെടി ജലീലിന്റെ കൂടെ വാഹനത്തില്‍ യാത്ര ചെയ്തെന്ന സംഭവം വന്‍ വിവാദമാക്കി ഡിസിസി സെക്രട്ടറി ടിസി നൂറിനോട് മലപ്പുറം ഡിസിസി പ്രസിഡന്റ് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. ഇത്രയൊക്കെ കോലാഹലം പുറത്ത് നടക്കുന്നുണ്ടെങ്കിലും പല ലീഗ് നേതാക്കൾക്കും മന്ത്രിയോട് അയിത്തമില്ലെന്നാണ് തിരുവനന്തപുരത്ത് നിന്നുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
മിഥുന സ്ത്രീ ആയത് കൊണ്ടും സംവരണ വിഭാഗത്തിൽ നിന്നുള്ളവരുമായതും കൊണ്ടാണ് അതിവേഗ നടപടി ഉണ്ടായതെന്നും പ്രമാണിമാരായ ലീഗ് നേതാക്കൾ കുറ്റം ചെയ്താൽ നടപടി എടുക്കാൻ ലീഗ് മറക്കുമെന്നും സോഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്നു
Discussion about this post