പാലക്കാട്: സർക്കാരിനെ വെല്ലുവിളിച്ച കിറ്റെക്‌സിന് പിന്തുണയുമായി ബിജെപി. കിറ്റെക്‌സിനും സാബു എം ജേക്കബിന് രാഷ്ട്രീയ പിന്തുണ നൽകുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എഎൻ രാധാകൃഷ്ണൻ പറഞ്ഞു. കോൺഗ്രസ് സിപിഎം വേട്ടയാടലിനെതിരെ സാബു ജേക്കബിനെ സഹായിക്കുമെന്നും സാബു ജേക്കബിന് താത്പര്യമുണ്ടെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യവസായമാരംഭിക്കാൻ സഹായിക്കുമെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു. സ്വകാര്യമാധ്യമത്തോടായിരുന്നു പ്രതികരണം.
‘നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ പേരിലാണ് വേട്ടയാടൽ. കിറ്റെക്‌സ് കമ്പനിക്കെതിരെ രാഷ്ട്രീയ പകപോക്കലാണ് കോൺഗ്രസും സിപിഎമ്മും നടത്തുന്നത്. ബിജെപി ഭരിക്കുന്ന യുപിയിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണുള്ളത്. സാബുജേക്കബിന് താത്പര്യമെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യവസായമാരംഭിക്കാൻ സഹായിക്കും,’-എഎൻ രാധാകൃഷ്ണൻ പറഞ്ഞു. രാഷ്ട്രീയ പ്രതിയോഗിയെ ജനാധിപത്യപരമായാണ് നേരിടേണ്ടതെന്നും എഎൻ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
3,500 കോടിയുടെ നിക്ഷേപ പദ്ധതിക്കായി സർക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രത്തിൽ നിന്ന് പിന്മാറുന്നെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ് അറിയിച്ചതിന് പിന്നാലെ വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് രംഗത്തെത്തിയിരുന്നു.
ഔദ്യോഗികമായ പരാതികളൊന്നും വ്യവസായ വകുപ്പിന് ലഭിച്ചിട്ടില്ലെങ്കിലും ജൂൺ 28ന് തന്നെ കിറ്റെക്‌സുമായി ബന്ധപ്പെട്ട പ്രശ്‌നത്തെക്കുറിച്ച് അന്വേഷിച്ചുവെന്നും പി രാജീവ് പറഞ്ഞിരുന്നു. എന്തെങ്കിലും പരാതികൾ ഉണ്ടായാൽ അത് വകുപ്പിനെ അറിയിച്ചുള്ള പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതാണ് അഭികാമ്യം. അതിനുള്ള സാധ്യത തേടും മുൻപേ സംസ്ഥാനത്തിന് അപകീർത്തികരമാകാവുന്ന പരസ്യ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും പി രാജീവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.