വാഹനം ഓടിക്കുമ്പോൾ ബ്ലൂ ടൂത്ത് വഴി ഫോണിൽ സംസാരിക്കുന്നത് വിലക്കില്ല; ഫോൺ കയ്യിൽ പിടിച്ചു സംസാരിച്ചാൽ മാത്രം കുറ്റം ചുമത്തും: ഉദ്യോഗസ്ഥർ

തിരുവനന്തപുരം: കാറ് ഓടിക്കുമ്പോൾ ബ്ലൂടൂത്ത് മുഖേന ഫോൺ കോൾ ചെയ്ത് സംസാരിച്ചാൽ പിടികൂടാൻ പോലീസോ മോട്ടോർ വാഹന വകുപ്പോ നിലവിൽ നിർദേശം നൽകിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ. വണ്ടിയോടിക്കുമ്പോൾ ഫോൺ കയ്യിൽ പിടിച്ചു സംസാരിച്ചാൽ മാത്രമാണ് കുറ്റം ചുമത്തുകയെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ ബ്ലൂടൂത്ത് സംവിധാനം വഴി ഫോണിൽ സംസാരിച്ചാൽ കുറ്റകരമാണോ അല്ലയോ എന്നതായിരുന്നു ചർച്ച.

2017ൽ ഇറങ്ങിയ ഗതാഗത ചട്ടപ്രകാരം ഡ്രൈവിങ്ങിനിടെ ഫോൺ കയ്യിൽ പിടിച്ചു സംസാരിച്ചാൽ മാത്രമാണ് കുറ്റകരം. ബ്ലൂ ടൂത്ത് സംവിധാനം വഴി ഹാൻഡ്‌സ് ഫ്രീയായി സംസാരിക്കുന്നത് കൊണ്ട് തെറ്റില്ലെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിച്ചത്. പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ സംസാരിക്കുന്നവരെ പിടികൂടാൻ ഇപ്പോൾ നിർദേശം ലഭിച്ചിട്ടുമില്ല.

ബ്ലൂടൂത്ത് സംവിധാനത്തിലൂടെ ഡ്രൈവിങ്ങിനിടെ സംസാരിച്ചാൽ ഉദ്യോഗസ്ഥർക്ക് പുറമെ നിന്ന് അറിയാനും സാധിക്കില്ല. ഇങ്ങനെ സംസാരിച്ചതിന്റെ പേരിൽ പിടികൂടുകയെന്നത് പ്രായോഗികവുമല്ല. ഇനി അഥവാ ഈ കുറ്റം തെളിയിക്കാൻ മൊബൈൽ ഫോൺ വിളി പട്ടിക പരിശോധിക്കേണ്ടി വരും. വേണ്ടിവന്നാൽ ഇത്തരത്തിലുള്ള പരിശോധന നടത്തുമെന്നാണ് കഴിഞ്ഞദിവസം ഉദ്യോഗസ്ഥർ പ്രതികരിച്ചിരുന്നത്. എന്നാൽ ഉത്തരവുകളും നിർദേശങ്ങളും ലഭിക്കാത്തതിനാൽ ബ്ലൂടൂത്തിലൂടെ സംസാരിച്ചാൽ കേസെടുക്കാനാകില്ല.

അതേസമയം,ഊബർ, ഒലേ അടക്കമുള്ള ടാക്‌സി ഡ്രൈവർമാർക്കാണെങ്കിൽ ഈ സംവിധാനം ഏറെ പ്രയോജനകരമാണ്. ഉദ്യോഗസ്ഥർമാർ ഇതിന്റെ പേരിൽ ഡ്രൈവർമാരെ ചൂഷണം ചെയ്യാൻ സാധ്യതയുണ്ടെന്ന് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ നേതാക്കളും പറയുന്നു.

Exit mobile version