മലപ്പുറം: തിരൂർ മുത്തൂരിലെ വീട്ടുമുറ്റത്തു കിടക്കുന്ന രണ്ട് ബുള്ളറ്റുകൾക്കും ഒരേ നമ്പർ. ഒന്ന് കെ.എൽ55 എക്സ് 2224, മറ്റൊന്ന് കെഎൽ55 വൈ 2224. ഒരേ നമ്പറുള്ള വാഹനങ്ങൾ ഒരുവീട്ടിലുള്ളത് കൗതുകമല്ലെങ്കിലും ഇതിന് പിന്നിലെ കഥയ്ക്ക് അൽപ്പം കൗതുകമുണ്ട്.
തിരൂർ മുത്തൂരിലെ ടിപി ദാമോദരൻ എന്ന റിട്ട. എസ്ഐയുടെതാണ് ഒരു ബുള്ളറ്റ്. ദാമോദരന്റെയും സിവിൽ പോലീസ് ഓഫീസറായ മകൻ അനീഷിന്റെതാണ് മറ്റൊരെണ്ണം. ഇരുവരും ബുള്ളറ്റ് പ്രേമികളാണ്. ഇതുമാത്രമല്ല ഈ വാഹനപ്രേമികളെ വ്യത്യസ്തരാക്കുന്നത്.
പോലീസുകാർക്ക് ഓരോരുത്തർക്കും അവർ അറിയപ്പെടുന്ന ഒരു ‘ജനറൽ നമ്പർ’ ഉണ്ടാകും. 2017ൽ വളാഞ്ചേരി സ്റ്റേഷനിൽനിന്നു എസ്ഐ ആയി വിരമിച്ച ദാമോദരന്റെ ജനറൽ നമ്പർ ആയിരുന്നു 2224. പോലീസിലെ തന്റെ മേൽവിലാസമായ ആ നമ്പറിനോടു വല്ലാത്ത അടുപ്പമുണ്ടായിരുന്ന ഇദ്ദേഹം അതുകൊണ്ട് തന്നെ ഒരു ബുള്ളറ്റ് സ്വന്തമാക്കിയപ്പോൾ ഫീസടച്ച് അതേനമ്പർ സ്വന്തമാക്കി.
‘ആ നമ്പറിനോട് അച്ഛനുള്ള അതേ വൈകാരിക അടുപ്പം ഞങ്ങൾക്കുമുണ്ട്’ എംഎസ്പിയിൽ സിവിൽ പോലീസ് ഓഫീസറായ മകൻ അനീഷ് ദാമോദർ പറയുന്നുു. അച്ഛൻ ബുള്ളറ്റുവാങ്ങി അധികംവൈകാതെ അനീഷും മറ്റൊരു ബുള്ളറ്റ് സ്വന്തമാക്കി. അനിയൻ അഭിജിത്തിന്റെ നിർദേശ പ്രകാരമാണ് രണ്ടുവണ്ടികൾക്കും ഒരേ നമ്പർ തന്നെ നൽകിയത്. ഹരിയാണയിൽനിന്നു വാങ്ങിയ ബുള്ളറ്റിന് ഈ നമ്പർ ഒത്തുവരുന്നതുവരെ കാത്തിരിക്കേണ്ടിവന്നെങ്കിലും ആ കാത്തിരിപ്പിന് ഒരു സുഖമുണ്ടായിരുന്നു എന്നാണ് ഇവർ പറയുന്നത്. നമ്പർ നൽകാൻ വൈകിയതിനുള്ള ഫൈനും നമ്പറിനുള്ള ഫീസുമടച്ചാണ് അനീഷ് അച്ഛന്റെ നമ്പർ തന്നെ സ്വന്തമാക്കിയത്.
ബുള്ളറ്റുകൾ അപൂർവമായിരുന്ന കാലത്ത് പോലീസിലെ ബുള്ളറ്റ് ഓടിച്ചുതുടങ്ങിയ ദാമോദരൻ 2017ലാണ് സ്വന്തമായി ഒരെണ്ണം വാങ്ങിയത്. സ്കൂളിൽ പഠിക്കുമ്പോൾമുതൽ അനീഷിനും ബുള്ളറ്റുകളോട് വലിയ ഇഷ്ടമാണ്. സുഹൃത്തുക്കൾക്കൊപ്പം ബുള്ളറ്റിൽ ഒരുപാടു ദീർഘയാത്രകൾ ചെയ്ത അനീഷ്, ഇനി കോവിഡ് നിയന്ത്രണങ്ങളെല്ലാം മാറിയശേഷം അച്ഛനൊപ്പം ബുള്ളറ്റിൽ ഒരു നീണ്ടയാത്ര പോകണമെന്ന് ആഗ്രഹിച്ചിരിക്കുകയാണ്.
.
Discussion about this post