പെരിന്തല്‍മണ്ണ: കേരളത്തിലെ ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി പെരുന്തല്‍മണ്ണ സബ്കളക്ടര്‍. കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ഒരു വര്‍ഷം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ശ്രീധന്യ പെരിന്തല്‍മണ്ണ സബ് കളക്ടറായി സേവനം ആരംഭിക്കുന്നത്.
വയനാട് തരിയോട് നിര്‍മ്മല ഹൈസ്‌കൂളില്‍ നിന്നാണ് ശ്രീധന്യ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ശേഷം, കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 2016 ലാണ് ആദ്യമായി ശ്രീധന്യ സിവില്‍ സര്‍വ്വീസ് പ്രാഥമിക പരീക്ഷ എഴുതുന്നത്.
ആദ്യ തവണ നേടാന്‍ കഴിഞ്ഞില്ലെങ്കിലും 2017ലെ ശ്രമത്തില്‍ വിജയം കൈവരിക്കുകയായിരുന്നു. 410ാം റാങ്ക് നേടിയാണ് സിവില്‍ സര്‍വ്വീസ് നേട്ടം കൈവരിക്കുന്നത്. വടക്കേ വയനാട്ടില്‍ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ ഗ്രാമത്തില്‍ നിന്ന് തൊഴിലുറപ്പ് തൊഴിലാളികളായ സുരേഷ് കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ. പഠിക്കുമ്പോള്‍ ലക്ഷ്യം ഐഎഎസ് മാത്രമായിരുന്നു.
കുട്ടിക്കാലം മുതല്‍ മകള്‍ ആഗ്രഹിച്ച സ്വപ്നത്തിന്റെ പൂര്‍ത്തീകരണത്തിനായി മാതാപിതാക്കള്‍ സര്‍വ്വപിന്തുണയും നല്‍കി കൂടെ നിന്നു. 2016ല്‍ പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന സമയത്തുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വ്വീസ് എന്ന ആഗ്രഹത്തിലേക്ക് വീണ്ടുമെത്തിച്ചതെന്ന് അഭിമുഖത്തില്‍ ശ്രീധന്യ വ്യക്തമാക്കിയിരുന്നു.