തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും. 1985 ൽ പുന്നപ്ര പോലീസ് സ്റ്റേഷനിൽ എ.എസ്.പി ട്രെയിനിയായി സർവ്വീസ് ആരംഭിച്ച ബെഹറ, ദീർഘകാലം കേരളപോലീസിലെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. നീണ്ട അഞ്ച് വർഷത്തിലെറെ ക്രമസമധാനപാലനത്തിന്റെ ചുമതലയുളള ഡി.ജി.പിയായിരുന്നു.
കേരള പോലീസിൽ സാങ്കേതികവിദ്യയും ആധുനികവൽക്കരണവും നടപ്പാക്കുന്നതിൽ ലോക്നാഥ് ബെഹ്റ പ്രമുഖ പങ്കുവഹിച്ചു. കേസന്വേഷണം ഉൾപ്പെടെ പോലീസിലെ എല്ലാ മേഖലകളിലും ആധുനിക സാങ്കേതികവിദ്യ വിനിയോഗിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. 16 ലക്ഷം ഫോളോവേഴ്സ് ഉള്ള കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് ലോകത്തിലെ പൊലീസ് സേനകളിൽ മുൻപന്തിയിൽ എത്തിയത് ബെഹ്റയുടെ നേതൃത്വത്തിലാണ്.
എൻഐഎയിലും സിബിഐയിലുമായി സേവനമനുഷ്ഠിച്ച 16 വർഷക്കാലയളവിൽ മുംബൈ സ്ഫോടന പരമ്പരയടക്കം രാജ്യശ്രദ്ധ നേടിയ കേസുകൾ അന്വേഷിച്ചു. ജിഷ വധം, നടിയെ ആക്രമിച്ച കേസ്, കൂടത്തായി കേസ് എന്നിവയിലെ അറസ്റ്റ് സംസ്ഥാനത്ത് ഏറെ ശ്രദ്ധനേടിയിരുന്നു. പൊലീസിന് പുറമെ വിജിലൻസ്, ഫയർഫോഴ്സ്, ജയിൽ വകുപ്പുകളുടെ തലപ്പത്തും ബെഹ്റയ്ക്ക് സേവനമനുഷ്ഠിക്കാനായി. ചരിത്രത്തിലാദ്യമായിട്ടാണ് ഇത്ര ദീർഘമായ കാലയളവ് ഒരാൾ സംസ്ഥാന പൊലീസ് മേധാവി കസേരയിൽ ഇരിക്കുന്നത്.
പുതിയ പൊലീസ് മേധാവിയെ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിക്കും. യുപിഎസ്സി അംഗീകരിച്ച മൂന്ന് പേരിൽ നിന്ന് ഒരാളെയാണ് പൊലീസ് മേധാവിയായി തീരുമാനിക്കുക. റോഡ് സുരക്ഷാ കമ്മീഷണർ അനിൽകാന്തിനാണ് കൂടുതൽ സാധ്യത. അടുത്ത ജനുവരി മാസത്തിലാണ് അനിൽകാന്ത് വിരമിക്കുന്നത്. വിജിലൻസ് ഡയറക്ടർ എസ് സുധേഷ് കുമാർ, അഗ്നിരക്ഷാ സേനാ മേധാവി ബി സന്ധ്യ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റ് രണ്ട് പേർ. പട്ടികയിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് സുധേഷ്‌കുമാർ. ആദ്യ വനിതാ പൊലീസ് മേധാവി എന്ന തലത്തിൽ കാര്യങ്ങൾ പോയാൽ ബി സന്ധ്യയ്ക്കും സാധ്യതയുണ്ട്.