കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡമ്മി ഉപയോഗിച്ച് തെളിവെടുപ്പ് നടത്തി പോലീസ്. പ്രതി കിരണ്‍കുമാറിന്റെ വീട്ടിലെ ശൗചാലയത്തിലാണ് ഡമ്മി ഉപയോഗിച്ച് വിസ്മയയുടെ ആത്മഹത്യ പുനരാവിഷ്‌കരിച്ചത്. വിസ്മയയെ ശൗചാലയത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതും ഇതിനുശേഷം കിരണ്‍കുമാര്‍ ചെയ്തകാര്യങ്ങളുമെല്ലാമാണ് ഡമ്മി ഉപയോഗിച്ച് വീണ്ടും ചിത്രീകരിച്ചത്.
വാതില്‍ ചവിട്ടിത്തുറന്നതും പിന്നീടുണ്ടായ കാര്യങ്ങളും കിരണ്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചുകാണിച്ചു. ഇതെല്ലാം പോലീസ് സംഘം ചിത്രീകരിക്കുകയും ചെയ്തു. പോലീസ് സര്‍ജനും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെ കിരണ്‍കുമാറുമായി പോരുവഴിയിലെ എസ്.ബി.ഐ. ശാഖയിലാണ് പോലീസ് സംഘം ആദ്യം തെളിവെടുപ്പ് നടത്തിയത്.
ഇവിടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 42 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം വിസ്മയയും കിരണും ഒരുമിച്ചെത്തിയാണ് സ്വര്‍ണം ലോക്കറില്‍വെച്ചത്. ഇതിനുശേഷം സ്വര്‍ണം ലോക്കറില്‍ നിന്നെടുത്തിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.
ബാങ്കിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമാണ് കിരണ്‍കുമാറിന്റെ വീട്ടില്‍ തെളിവെടുപ്പും ശാസ്ത്രീയ പരിശോധനയും നടത്തിയത്. തികച്ചും നിര്‍വികാരനായാണ് പ്രതി സ്വന്തം വീട്ടിലടക്കം തെളിവെടുപ്പിനെത്തിയത്. ബുധനാഴ്ച വരെയാണ് കിരണിന്റെ കസ്റ്റഡി കാലാവധി. നാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം രണ്ടുദിവസം കൂടി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയേക്കും.