കൊച്ചി: മുസ്ലിം സമുദായത്തിനെതിരെ അപകീർത്തകരമായ പരാമർശം നടത്തിയ സംഭവം വിവാദമായതോടെ യുഡിഎഫ് കൊച്ചി മണ്ഡലം ചെയർമാൻ രാജിവെച്ചു. സാമുദായികവിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ യുഡിഎഫ് കൊച്ചി നിയോജക മണ്ഡലം ചെയർമാൻ അഗസ്റ്റസ് സിറിൾ ആണ് രാജിവെച്ചത്. അതേസമയം, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കൂടിയായ ജോൺ പഴേരിയെ കൊച്ചി മണ്ഡലത്തിലെ പുതിയ യുഡിഎഫ് ചെയർമാനായി തെരഞ്ഞെടുത്തു.
അഗസ്റ്റസ് സിറിളും മറ്റൊരാളും തമ്മിലുള്ള ഫോൺ സംഭാഷണത്തിലാണ് മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിച്ച പരാമർശമുണ്ടായത്. കൊച്ചിൻ കോളേജ് ഭരണസമിതിയിലെ അംഗത്വ വിതരണവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് അദ്ദേഹത്തിന്റെ വിവാദ പരാമർശം.
യുഡിഎഫ് ചെയർമാന്റെ സംഭാഷണം നേരത്തെ നവ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അഗസ്റ്റിന്റെ പരാമർശം വിവാദമായതോടെ സംസ്ഥാന സർക്കാരിനെതിരെ കഴിഞ്ഞ ദിവസം യുഡിഎഫ് ആഹ്വാനം ചെയ്ത യുഡിഎഫ് സമരം കൊച്ചിയിൽ പലയിടങ്ങളിലും നടന്നിരുന്നില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് അദ്ദേഹം രാജിവെച്ചത്.
വിവാദ പരാമർശത്തിനെതിരെ ബന്ധപ്പെട്ട് അഗസ്റ്റിനെതിരെ പോലീസിൽ പരാതി നിലനിൽക്കുന്നുണ്ട്. നേരത്തെ ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസും മുസ്ലിം ലീഗും പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ മറുപടി പറയാൻ അദ്ദേഹത്തോട് നിർദേശിക്കുകയും ചെയ്തിരുന്നു.
Discussion about this post